കുടുംബകേന്ദ്രീകൃത ശുശ്രൂഷകൾ സജീവമാക്കും: മാർ ആലഞ്ചേരി
കുടുംബകേന്ദ്രീകൃത ശുശ്രൂഷകൾ  സജീവമാക്കും: മാർ ആലഞ്ചേരി
Sunday, August 28, 2016 1:18 PM IST
കൊടകര: ആധുനിക ലോകത്തിൽ സീറോ മലബാർ സഭയുടെ സാക്ഷ്യത്തിനും വളർച്ചയ്ക്കും സഭാമക്കൾ കൂട്ടായ്മാവബോധത്തോടെ കൈകോർക്കുമെന്നു പ്രഖ്യാപിച്ചു നാലാമതു മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്കു കൊടിയിറക്കം.

സഭയിലാകെ ലാളിത്യത്തിന്റെ ചൈതന്യവും കുടുംബ കേന്ദ്രീകൃതമായ സഭാശുശ്രൂഷകളും കൂടുതൽ സജീവമാക്കാനും പ്രവാസികളുടെ വിശ്വാസ ജീവിതത്തിനു കരുത്തുപകരാനും സീറോ മലബാർ സഭ പ്രതിജ്‌ഞാബദ്ധമാണെന്നു സമാപന സന്ദേശം നൽകിയ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

അസംബ്ലിയിലെ ക്രിയാത്മകമായ നിർദേശങ്ങൾ നടപ്പിൽ വരുത്താൻ സഭയൊന്നാകെ കൂട്ടായി പരിശ്രമിക്കേണ്ടതുണ്ട്. കൂട്ടായ്മാനുഭവത്തിനു വിഘാതമാകുന്ന പിന്തിരിപ്പൻ ചിന്തകളിലും വിമർശനങ്ങളിലും നിലപാടുകളിലും തിരുത്തൽ ആവശ്യമാണ്. ക്രിസ്തുവിന്റെയും ആദിമസഭയുടെയും ലാളിത്യം വർത്തമാനകാലത്ത് ഇടവകകളും സഭാസ്‌ഥാപനങ്ങളും അനുകരിക്കണം. വ്യക്‌തി, കുടുംബ, ഇടവക, രൂപത തലങ്ങളിൽ ആർഭാടങ്ങളോടും ലാളിത്യത്തിനു തടസമാകുന്ന എല്ലാ കാര്യങ്ങളോടും ‘അരുത്’ എന്നു പറയാനുള്ള ആർജവമുണ്ടാകണം. മറ്റുള്ളവരോടു കരുതലും കരുണയുമുള്ള സമീപനമാവണം സഭാമക്കളുടെ മുഖമുദ്ര.

യമനിൽ ഭീകരവാദികൾ തട്ടിക്കൊണ്ടുപോയ മിഷനറി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള ലോകം മുഴുവന്റെയും പ്രാർഥനയിലും പ്രവർത്തനങ്ങളിലും അസംബ്ലിയും ആത്മാർഥമായി പങ്കുചേരുന്നു. ദളിതർക്കും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള അതിക്രമങ്ങൾ അപലപനീയമാണ്. മാറിയ സാമൂഹ്യസാഹചര്യങ്ങൾ കണക്കിലെടുത്തു കുടുംബങ്ങളുടെ ആത്മീയ, ഭൗതിക പുരോഗതിക്കാവശ്യമായ അജപാലനശൈലികൾ നമുക്കാവശ്യമാണ്. സാമൂഹ്യ, രാഷ്ട്രീയ, ഭരണ മേഖലകളിൽ സഭാംഗങ്ങൾ കൂടുതൽ സജീവമാകണം. പ്രവാസികളായ സഭാംഗങ്ങളുടെ വിശ്വാസജീവിതത്തിനും ജീവിതസാക്ഷ്യത്തിനും അനുകൂല സാഹചര്യങ്ങൾ സജ്‌ജമാക്കേണ്ടത് അത്യാവശ്യമാണ്.


അസംബ്ലിയുടെ നിർദേശങ്ങളിൽ സാധ്യമായവ പ്രയോഗത്തിലെത്തിക്കാൻ മേജർ ആർച്ച്ബിഷപ്പ് എന്ന നിലയിൽ താനും സഭയുടെ സിനഡും നടപടികൾ സ്വീകരിക്കുമെന്നും കർദിനാൾ മാർ ആലഞ്ചേരി വ്യക്‌തമാക്കി.

സമാപന സമ്മേളനത്തിൽ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡ്രാഫ്റ്റിംഗ് കമ്മിറ്റി കൺവീനർ റവ. ഡോ. ടോണി നീലങ്കാവിൽ അസംബ്ലിയുടെ അന്തിമ പ്രസ്താവന അവതരിപ്പിച്ചു. മേജർ ആർച്ച്ബിഷപ് സിനഡിനായി അസംബ്ലിയുടെ പ്രസ്താവന ഏറ്റുവാങ്ങി. അസംബ്ലി കൺവീനറും ഇരിങ്ങാലക്കുട മെത്രാനുമായ മാർ പോളി കണ്ണൂക്കാടൻ, ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോർജ് രാജേന്ദ്രൻ, അസംബ്ലി സെക്രട്ടറി റവ. ഡോ. ഷാജി കൊച്ചുപുരയിൽ, മാതൃവേദി പ്രസിഡന്റ് ഡെൽസി ലൂക്കാച്ചൻ എന്നിവർ പ്രസംഗിച്ചു.

കൃതജ്‌ഞതാ ദിവ്യബലിയിൽ മേജർ ആർച്ച്ബിഷപ്പിനൊപ്പം ബിഷപ്പുമാരായ മാർ ലോറൻസ് മുക്കുഴി, മാർ ജോസ് ചിറ്റൂപ്പറമ്പിൽ, മാർ ബോസ്കോ പുത്തൂർ, മാർ പോളി കണ്ണൂക്കാടൻ എന്നിവർ സഹകാർമികരായിരുന്നു. ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് സന്ദേശം നൽകി. 505 പ്രതിനിധികൾ പങ്കെടുത്ത നാലു ദിവസത്തെ അസംബ്ലി സഭാചരിത്രത്തിലെ തിളക്കമാർന്ന അധ്യായമായി. ഇന്ത്യയുൾപ്പെടെ 21 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ അസംബ്ലിയിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.