ധീരസൈനികൻ മാത്യുവിന്റെ വിശ്രമജീവിതം ദുരിതക്കയത്തിൽ
ധീരസൈനികൻ മാത്യുവിന്റെ  വിശ്രമജീവിതം ദുരിതക്കയത്തിൽ
Sunday, August 28, 2016 1:03 PM IST
<ആ>ബെന്നി ചിറയിൽ

ചങ്ങനാശേരി: രണ്ടാം ലോകമഹായുദ്ധത്തിൽ ധീരസേവനം ചെയ്ത സൈനികൻ എൻ.എം. മാത്യുവിനു വിശ്രമ ജീവിതം ദുരിതകാലം. വാഴപ്പള്ളി പഞ്ചായത്തിന്റെ ചീരഞ്ചിറ 10–ാം വാർഡിലെ ചോർന്നൊലിക്കുന്ന കൊച്ചുവീട്ടിലാണ് 75 വർഷം മുമ്പ് നിർവഹിച്ച സൈനിക സേവനത്തിന്റെ ഓർമകൾ പുതുക്കി ഈ തൊണ്ണൂറ്റിയഞ്ചുകാരൻ കഴിയുന്നത്.

തന്റെയും ഭാര്യ മേരിയുടെയും ആഹാരത്തിനും മരുന്നിനുമുള്ള പണം പോലുമില്ലാതെയാണ് ഈ വയോധികൻ കഴിയുന്നത്. പാടത്തോടു ചേർന്നുള്ള രണ്ട് സെന്റ് സ്‌ഥലത്തു താമസിക്കുന്ന ഈ മുൻ സൈനികനു വീടിനു പുറത്തേക്കിറങ്ങാൻ റോഡുപോലുമില്ല. സമീപവാസികളുടെ വീട്ടുമുറ്റത്തുകൂടി ഇടുങ്ങിയ തൊണ്ടിലെത്തി വേണം റോഡിൽ പ്രവേശിക്കാൻ.

1939 കാലത്താണ് നടുവിലേപ്പറമ്പിൽ എൻ.എം.മാത്യു സൈനിക സേവനത്തിനായി പുറപ്പെട്ടത്. തിരുവനന്തപുരത്തു നടന്ന റിക്രൂട്ട്മെന്റിലാണു തെരഞ്ഞെടുക്കപ്പെട്ടത്. ബാംഗ്ലൂരിലേക്കും തുടർന്നു ഡൽഹിയിലേക്കും അതിനു ശേഷം അതിർത്തിയായ നൗഷറേ പൂഞ്ചിലേക്കും പോയി. ഇതിനിടയിൽ റോമൻ ഉറുദു ഭാഷ വശമാക്കി.

അഞ്ചു വർഷക്കാലം വിവിധ സ്‌ഥലങ്ങളിൽ ജോലി ചെയ്തു. ഒരു മാസം 18 രൂപയായിരുന്ന ശമ്പളം. ബ്രിട്ടീഷ് പട്ടാളക്കാർക്ക് 140 രൂപ ശമ്പളം നൽകിയിരുന്നു. പൂഞ്ചിൽവച്ചു തങ്ങളുടെ ഗ്രൂപ്പ് മേധാവിയെ തട്ടിക്കൊണ്ടുപോയ എതിരാളികളെ വെടിവച്ചിട്ട ഓർമകൾ ഇപ്പോൾ മാത്യുവിന്റെ മനസിൽ മങ്ങാതെ നില്ക്കുന്നു.


സേവനം കഴിഞ്ഞ് മടങ്ങിയെങ്കിലും കാര്യമായ പെൻഷൻ ലഭിച്ചില്ല. യുദ്ധത്തിൽ പങ്കെടുത്ത വിരമിച്ച ഏതാനും പേരോടൊപ്പം ചേർന്ന് എൻഎക്സ്സിസി സംഘടനയ്ക്കു രൂപം നൽകി. ഏറെ നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും പെൻഷന്റെ കാര്യത്തിൽ കാര്യമായ ഫലമുണ്ടായില്ല. മണർകാട്ടുള്ള സൈനിക ക്ഷേമ ഓഫീസിലൂടെ വല്ലപ്പോഴും തുച്ഛമായ തുകയാണു ലഭിക്കുന്നത്. ഇതാന്നും ജീവിത ചെലവിനു തികയുന്നില്ല. തന്റെയും ഭാര്യയുടെയും ജീവിത ചെലവിന് സഹായം ലഭിക്കണമെന്നും തനിക്കും സമീപവാസികൾക്കും പുറത്തേക്കിറങ്ങാൻ റോഡ് സൗകര്യവും വേണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തെഴുതാനൊരുങ്ങുകയാണു വയോധികനായ ഈ സൈനികൻ. ജനപ്രതിനിധികൾ മനസുവച്ചാൽ റോഡും ജീവിതത്തിനു സഹായ ധനവും ലഭിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.