ഉപരാഷ്ട്രപതി ഇന്നു കേരളത്തിൽ
ഉപരാഷ്ട്രപതി ഇന്നു കേരളത്തിൽ
Sunday, August 28, 2016 1:03 PM IST
തിരുവനന്തപുരം: മൂന്നുദിവസത്തെ കേരളസന്ദർശനത്തിന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി ഇന്നു തിരുവനന്തപുരത്തെത്തും. ഉച്ചകഴിഞ്ഞു 3.05ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ഉപരാഷ്ട്രപതിയെ ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ. രാജു, മേയർ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, പൊതുഭരണ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും.

തുടർന്ന് 3.15ന് ഹെലികോപ്റ്ററിൽ കൊല്ലത്തേക്കു തിരിക്കുന്ന അദ്ദേഹം വൈകുന്നേരം നാലിനു ശ്രീനാരായണ കോളജ് കാമ്പസിൽ ഡോ. എം. ശ്രീനിവാസന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. വൈകുന്നേരം 5.10ന് കൊല്ലത്തുനിന്ന് ഹെലികോപ്റ്ററിൽ വൈകുന്നേരം 5.45ന് തിരുവനന്തപുരത്ത് എത്തും. രാത്രി രാജ്ഭവനിൽ തങ്ങുന്ന ഉപരാഷ്ട്രപതി 30ന് തിരുവനന്തപുരത്തു രണ്ടു ചടങ്ങുകളിൽ സംബന്ധിക്കും.


30ന് രാവിലെ 11ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നവപൂജിതം ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം നാലിന് കനകക്കുന്ന് കൊട്ടാരത്തിൽ സംസ്‌ഥാന സർക്കാരിന്റെ സഹകരണത്തോടെ പി.എൻ. പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സമ്പൂർണ ഇ–സാക്ഷരതാ യജ്ഞത്തിന്റെ രണ്ടാം ഘട്ടമായ ഡിജിറ്റൽ ലൈബ്രറികളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിർവഹിക്കും.

രൊത്രി രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം 31ന് രാവിലെ 10.40ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലേക്കു തിരിക്കും.

രാവിലെ 11.45ന് സെന്റ് തെരേസാസ് കോളജിൽ വിദ്യാധനം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചശേഷം ഉച്ചയ്ക്ക് 12.55ന് പ്രത്യേക വിമാനത്തിൽ ഡൽഹിലേക്കു മടങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.