മെഡിക്കൽ പ്രവേശനം: മാനേജ്മെന്റിന്റെ നിർണായക യോഗം ഇന്ന്
Saturday, August 27, 2016 12:13 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനം സംബന്ധിച്ചു കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇന്നു പ്രൈവറ്റ് മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ യോഗം ചേരും. നാളെ സർക്കാരുമായി ചർച്ച നടത്തുന്നതിനു മുന്നോടിയായാണ് ഇന്നു യോഗം ചേരുക. വൈകുന്നേരം നാലിനു കൊച്ചിയിലാണു യോഗം. പ്രധാനമായും മാനേജ്മെന്റ്, എൻആർഐ സീറ്റുകളിലേത് ഉൾപ്പെടെയുള്ള ഫീസ് സംബന്ധിച്ചു മാനേജ്മെന്റിനുള്ളിൽ ഇന്നു ധാരണയുണ്ടാക്കും. ഈ ധാരണയുടെ അടിസ്‌ഥാനത്തിലാവും നാളെ സർക്കാരുമായി ചർച്ച നടത്തുക.

നാളെ നടക്കുന്ന ചർച്ചകൾക്കു ശേഷമേ പ്രവേശന പരീക്ഷയ്ക്കു മേൽനോട്ടം വഹിക്കുന്ന ജയിംസ് കമ്മിറ്റി തുടർനടപടി സ്വീകരിക്കൂ. കോളജുകളുടെ പ്രോസ്പെക്ടസുകൾ ജെയിംസ് കമ്മിറ്റി പരിശോധിച്ചു വരികയാണ്. സർക്കാരുമായി ഫീസ് ധാരണയെത്തിയില്ലെങ്കിൽ കോളജുകളുടെ വരവു–ചെലവ് കണക്കാക്കി ജെയിംസ്–കമ്മിറ്റി ഫീസ് നിർണയിച്ചു നൽകിയേക്കും.

ഏകീകൃത ഫീസിന് എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ താഴ്ന്ന വരുമാനക്കാരായവർക്കു കുറഞ്ഞ ഫീസ് നിരക്ക് നിശ്ചയിക്കുന്നതു സർക്കാർ പരിഗണനയിലുണ്ട്. തങ്ങൾക്കു സ്വീകാര്യമായ വിധം ഫീസ് തീരുമാനിക്കുക എന്ന ആവശ്യമാണു നാളെ നടക്കുന്ന ചർച്ചയിൽ മാനേജ്മെന്റുകൾ ഉന്നയിക്കുക.

നാളെ നടക്കുന്ന ചർച്ചയിൽ സ്വീകാര്യമായ ഫീസ് സർക്കാർ നിർണയിക്കുമെന്നാണു പ്രതീക്ഷയെന്നു മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.


കോടതിവിധിയോടെ മുഴുവൻ സീറ്റുകളിലും വിദ്യാർഥികളെ പ്രവേശിപ്പിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന വാദമാണു ചില മാനേജ്– മെന്റുകൾ ഉയർത്തുന്നത്. എന്നാൽ, പകുതി സീറ്റുകളിൽ പ്രവേശനാവകാശം സർക്കാർ ആവശ്യപ്പെടും.

പുതുതായി അനുമതി ലഭിച്ച രണ്ടെണ്ണം അടക്കം സംസ്‌ഥാനത്ത് 24 സ്വാശ്രയ കോളജുകളാണുള്ളത്. ഇവിടെ ആകെ 2,500 എംബിബിഎസ് സീറ്റുകളും ഉണ്ട്.

<ആ>വിധിയിൽ അവ്യക്‌തത, ഏറ്റുമുട്ടലിനില്ല: മുഖ്യമന്ത്രി

കൊച്ചി: മെഡിക്കൽ പ്രവേശനം സംബന്ധിച്ച ഹൈക്കോടതി വിധിയിൽ അവ്യക്‌തത ഉണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി നിർദേശത്തോടു യോജിച്ചു പോകുന്നതല്ല ഹൈക്കോടതി വിധി. ഇക്കാര്യത്തിൽ നിയമോപദേശം തേടിയശേഷം ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കും. മാനേജ്മെന്റുകളുമായി ഏറ്റുമുട്ടലിനില്ല. എന്നാൽ, മെറിറ്റ് പാലിച്ചു വേണം പ്രവേശനം നടക്കാൻ. നാളെ ആരോഗ്യമന്ത്രി മാനേജ്മെന്റുകളുമായി ചർച്ച നടത്തുമെന്നും മാധ്യമപ്രവർത്തകരോടു സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

ബാർ കോഴക്കേസിൽ ശരിയായ രീതിയിലല്ല അന്വേഷണം നടന്നതെന്ന നിലപാടാണു തങ്ങൾക്കു നേരത്തേതന്നെ ഉണ്ടായിരുന്നത്. ഗൗരവമായി അന്വേഷിക്കേണ്ട കേസാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.