നൗഫലിന്റെ സംരക്ഷണച്ചുമതല: തീരുമാനം പിന്നീട്
Saturday, August 27, 2016 12:13 PM IST
കൊച്ചി: ഇടുക്കി അടിമാലിയിൽ മാതാപിതാക്കളുടെ ക്രൂരപീഡനത്തിനിരയായി ആശുപത്രിയിൽ കഴിയുന്ന ഒമ്പതു വയസുകാരൻ നൗഫലിന്റെ സംരക്ഷണച്ചുമതലയുടെ കാര്യത്തിൽ തീരുമാനമായില്ല. കുട്ടിയെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തുകഴിഞ്ഞു വിശദമായ റിപ്പോർട്ട് ലഭിച്ചശേഷം തീരുമാനമെടുക്കാൻ ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ബാലാവകാശ സംരക്ഷണസമിതി യോഗം തീരുമാനിച്ചു.

നൗഫലിനു കൂട്ടിരിപ്പു സഹായിയെ ഏർപ്പെടുത്തുന്ന കാര്യത്തിലും പിന്നീടു തീരുമാനമെടുക്കും. നിലവിൽ കുട്ടിക്ക് ആശുപത്രിയിൽ വേണ്ടത്ര സൗകര്യംചെയ്തു കൊടുക്കുന്നുണ്ടെന്ന് ആർഎംഒ അറിയിച്ചു. നൗഫലിന്റെ ചികിത്സച്ചെലവ് ഉൾപ്പെടെ മുഴുവൻ ചെലവുകളും സർക്കാരാണു വഹിക്കുന്നത്. പിതാവ് നസീറിന്റെ ബന്ധുക്കൾ മാത്രമാണു നിലവിൽ കുട്ടിയുടെ കാര്യങ്ങൾ തിരക്കുന്നത്.


നസീർ–സെലീന ദമ്പതികൾക്കു നൗഫൽ ഉൾപ്പെടെ അഞ്ചു കുട്ടികളാണുള്ളത്. ഈ കുട്ടികളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനും ബാലാവകാശ സംരക്ഷണസമിതിക്കും സാമൂഹികനീതി വകുപ്പിനും ജില്ലാ കളക്ടർ നിർദേശം നൽകി. ഇതിൽ ഒരു കുട്ടി നസീറിന്റെ അനുജന്റെ സംരക്ഷണയിലാണ്. മൂത്ത പെൺകുട്ടി കണ്ണൂരിൽ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.

നിലവിൽ ആശുപത്രിയിൽ കഴിയുന്ന നസീറിനെ അറസ്റ്റ് ചെയ്യാനുള്ള നടപടി ആരംഭിച്ചതായി അടിമാലി സിഐ അറിയിച്ചു. യോഗത്തിൽ സംസ്‌ഥാന ബാലാവകാശ കമ്മീഷൻ അംഗം മീനാ കുരുവിളയും എറണാകുളം, ഇടുക്കി ജില്ലകളിലെ ബാലാവകാശ സംരക്ഷണ സമിതി പ്രവർത്തകരും വകുപ്പ് ഉദ്യോഗസ്‌ഥരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.