കൊച്ചിയിൽ തങ്ങിയ ബംഗ്ലാദേശികൾ അറസ്റ്റിൽ
Saturday, August 27, 2016 12:13 PM IST
കൊച്ചി: യാത്രാരേഖകളില്ലാതെ കൊച്ചിയിൽ താമസിച്ച രണ്ടു ബംഗ്ലാദേശ് സ്വദേശികളെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. യൂനസ് മുല്ല, നൗഷാദ് മൊണ്ഡൽ എന്നിവരെയാണു കലൂർ കതൃക്കടവിനു സമീപത്തുനിന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു വർഷമായി കേരളത്തിലുണ്ടായിരുന്നതായി ഇവർ പോലീസിനോടു പറഞ്ഞു. ഇവരിൽനിന്നു പിടിച്ചെടുത്ത തിരിച്ചറിയൽ കാർഡ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണു വ്യാജമാണെന്നു തിരിച്ചറിഞ്ഞത്.

ബംഗ്ലാദേശ്–പശ്ചിമ ബംഗാൾ അതിർത്തിയിലുള്ള ജലങ്കി നദി കടന്ന് കോൽക്കത്ത വഴിയാണ് ഇവർ ഡൽഹിയിലെത്തിയതെന്നും അവിടെനിന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജകാർഡുകളും മറ്റും രേഖകളും നിർമിച്ച ശേഷമാണു കേരളത്തിലെത്തിയതെന്നും ചോദ്യംചെയ്യലിനിടെ ഇവർ മൊഴി നല്കി. ഇവർക്കു തീവ്രവാദ ബന്ധമുണ്ടോയെന്നു പരിശോധിച്ചു വരികയാണെന്നു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ പറഞ്ഞു. ഷാഡോ എസ്ഐ വി.ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.