പ്ലാസ്റ്റിക് പാത്രത്തിൽ ചൂടുള്ള പായസം നിറച്ചു വിൽക്കരുതെന്നു മുന്നറിയിപ്പ്
പ്ലാസ്റ്റിക് പാത്രത്തിൽ ചൂടുള്ള പായസം നിറച്ചു വിൽക്കരുതെന്നു മുന്നറിയിപ്പ്
Saturday, August 27, 2016 11:57 AM IST
തിരുവനന്തപുരം: സംസ്‌ഥാനത്തു വിപണിയിൽ ലഭ്യമായിട്ടുള്ള പഴം–പച്ചക്കറികളിൽ കീടനാശിനികളുടെ അംശം ഉള്ളതായി പരിശോധനയിൽ കണ്ടെത്തിയതിനാൽ ഇത്തരം സാധനങ്ങൾ വാളൻപുളിവെള്ളത്തിൽ അര മണിക്കൂർ മുക്കി വയ്ക്കണം. തുടർന്നു ശുദ്ധജലത്തിൽ നല്ലവണ്ണം കഴുകി കോട്ടൺ തുണി ഉപയോഗിച്ചു തുടച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നു ഭക്ഷ്യസുരക്ഷാ കമ്മീഷണർ കേശവേന്ദ്രകുമാർ അറിയിച്ചു.

പാചകം ചെയ്യാൻ പാകത്തിൽ (റെഡി ടു കുക്ക്) പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞും പ്ലാസ്റ്റിക് പാക്കറ്റുകളിലുമാക്കി പഴം, പച്ചക്കറികൾ വിൽക്കുന്നതു ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം അനുവദനീയമല്ല. കച്ചവടക്കാരും വ്യാപാരികളും മുറിച്ചു വച്ച പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു വിൽപ്പന നടത്തുന്നതു നിയമവിരുദ്ധമാണ്. ഇത്തരം വ്യാപാരം നടത്തുന്നവർ അടിയന്തരമായി സാധനങ്ങൾ മാർക്കറ്റിൽനിന്നു പിൻവലിക്കണം. ഈ നിർദേശം ലംഘിക്കുന്നതായി കണ്ടാൽ പിഴ ഉൾപ്പെടെയുള്ള പ്രോസിക്യൂഷൻ നടപടി സ്വീകരിക്കമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.

സംസ്‌ഥാനത്ത് ഓണവിപണി ലക്ഷ്യമാക്കി പായസം പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ നിറച്ചു വിൽപ്പന നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പായസം, ചൂടാറുന്നതിനു മുമ്പ് പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ നിറച്ചു വിതരണം ചെയ്യുന്നത് ആരോഗ്യത്തിനു ഹാനികരമാണ്.


അതിനാൽ പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ ചൂടുള്ള പായസം നിറച്ചു വിൽക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ പിഴ ഉൾപ്പെടെയുള്ള പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.

ക്രമക്കേടു ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ടോൾഫ്രീ നമ്പരിലോ ( 1800, 425, 1125 ) താഴെ പറയുന്ന ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസർമാരുടെ നമ്പരിലോ അറിയിക്കണം. തിരുവനന്തപുരം 8943346181, കൊല്ലം 8943346182, പത്തനംതിട്ട 8943346183, ആലപ്പുഴ 8943346184, കോട്ടയം 8943346185, ഇടുക്കി 8943346186, എറണാകുളം 8943346187, തൃശൂർ 8943346188, പാലക്കാട് 8943346189, മലപ്പുറം 8943346190, കോഴിക്കോട്, 8943346191, വയനാട് 8943346192, കണ്ണൂർ 8943346193, കാസർഗോട് 8943346194. ജില്ലകളിലെ അസിസ്റ്റന്റ് കമ്മീഷണർ (ഇന്റലിജൻസ്) മാരുടെ ഫോൺ നമ്പർ തിരുവനന്തപുരം (ഇന്റലിജൻസ്) 8943346195, എറണാകുളം (ഇന്റലിജൻസ്) 8943346196, കോഴിക്കോട് (ഇന്റലിജൻസ്) 8943346197.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.