ഭിന്നിപ്പുണ്ടാക്കാനാണ് മോദി സർക്കാരിന്റെ ശ്രമം: സുധീരൻ
ഭിന്നിപ്പുണ്ടാക്കാനാണ് മോദി സർക്കാരിന്റെ ശ്രമം: സുധീരൻ
Saturday, August 27, 2016 11:37 AM IST
തിരുവനന്തപുരം: രാജ്യത്തു ഭിന്നിപ്പുണ്ടാക്കാനാണു മോദിസർക്കാർ ഏകീക്യത സിവിൽ കോഡ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ ആരോപിച്ചു.

ഏകീക്യത സിവിൽ കോഡിനെതിരേയും മുസ്ലിം വേട്ടയ്ക്കെതിരേയും മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ശില്പികൾപോലും രാജ്യത്ത് ഏകീക്യത സിവിൽ കോഡ് നടപ്പിലാക്കില്ലെന്ന് മുസ്ലിംകൾക്ക് ഉറപ്പ് നൽകിയിരുന്നു.

എന്നാൽ, നിലവിലെ മോദി സർക്കാർ അതു ലംഘിച്ച് ഏകീക്യത സിവിൽ കോഡ് നടപ്പാക്കാനാണു ശ്രമിക്കുന്നത്. ഓരോ ജനവിഭാഗത്തിനും അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. ഇത് ഇല്ലായ്മ ചെയ്യാനാണു ശ്രമം. മോദി സർക്കാരിന്റെ ക്രൈസ്തവ, മുസ്ലിം പീഡനത്തിന്റെ ഭാഗമാണിതെന്നു സുധീരൻ ആരോപിച്ചു. ഏകീക്യത സിവിൽ കോഡിന്റെ പേരിൽ രാജ്യത്തു മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുകയാണ്. ഇതിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണു നീക്കം. മുൻപ് പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്തു ജനത്തെ ഭിന്നിപ്പിച്ച മോദി സർക്കാർ യുപി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണു വീണ്ടും ഭിന്നിപ്പിക്കൽ തന്ത്രവുമായി ഇറങ്ങിയിട്ടുള്ളതെന്നുംസുധീരൻ പറഞ്ഞു.

ഭരണഘടനയിൽ ആമുഖത്തിൽ പറഞ്ഞിട്ടുള്ള സെക്കുലർ, സോഷ്യലിസം എന്നീ പദങ്ങൾ നീക്കം ചെയ്യാനായി കേന്ദ്രസർക്കാർ നടത്തുന്ന നീക്കം പ്രതിഷേധാർഹമാണ്. ഗോമാംസത്തിന്റെ പേരിൽ ജനത്തെ കൊല്ലുന്നവർ സമൂഹിക സംഘർഷം ഉണ്ടാക്കുകയാണ്. ഗുജറാത്തിലെ വംശഹത്യയുടെ ചോരക്കറ ഒരിക്കലും മാഞ്ഞുപോകാത്ത മോദിയും കുട്ടരും രാഷ്ട്രീയ നേട്ടത്തിനായി ഉയർത്തി വിട്ട വർഗീയത ഇപ്പോൾ അവർക്കുതന്നെ വിനയായി മാറിയിരിക്കുകയാണ്. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണെന്ന അവസ്‌ഥയിലാണു മോദി. അതിനാലാണ് ഗോമാതാവ് സംരക്ഷകരെ നിലയ്ക്കു നിർത്തണമെന്നു മോദിക്ക് ആവശ്യപ്പെടേണ്ടിവന്നത്. രാജ്യത്ത് അരാജകത്വം സ്യഷ്‌ടിക്കാ നും ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാനും നടക്കുന്ന നീക്കങ്ങളെ മതേതരത്വ ശക്‌തികൾ ചെറുത്തു തോൽപ്പിക്കുമെന്നും സുധീരൻ പറഞ്ഞു. പാളയം രക്‌തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു. കോഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് കായിക്കര ബാബു അധ്യക്ഷതവഹിച്ചു.


മുൻ എംഎൽഎ വി. ശിവൻകുട്ടി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഭാരവാഹി കരമന അഷ്റഫ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ഭാരവാഹി കുറ്റിച്ചൽ ഹസൻ ബസരി മൗലവി, സമസ്ത കേരള ജംഇയ്യത്തൂൽ ഉലമ ഭാരവാഹി വിഴിഞ്ഞം സഈദ് മൗലവി തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.