സിപിഎം റാലിയിൽ തിടമ്പുനൃത്തം നടത്തിയതിനെതിരേ ഹിന്ദു സമിതി
സിപിഎം റാലിയിൽ തിടമ്പുനൃത്തം നടത്തിയതിനെതിരേ ഹിന്ദു സമിതി
Saturday, August 27, 2016 11:37 AM IST
കണ്ണൂർ: തിടമ്പുനൃത്തത്തെ തെരുവിൽ വികൃതമായി അനുകരിച്ച് അപമാനിച്ചതിൽ സിപിഎം മാപ്പുപറയണമെന്ന് ഹിന്ദു ആചാര സംരക്ഷണ സമിതി ജനറൽ കൺവീനർ വത്സൻ തില്ലങ്കേരി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആചാരങ്ങളെയും വിശ്വാസങ്ങളെയും തകർത്തു കമ്യൂണിസ്റ്റ് സർവാധിപത്യം അടിച്ചേൽപ്പിക്കാനാണു സിപിഎം ശ്രമം. ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയെ തകർക്കാൻവേണ്ടി സിപിഎം സംഘടിപ്പിച്ച ജാഥകളിൽ ഹിന്ദു ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പരസ്യമായി അവഹേളിച്ച നിരവധി സംഭവങ്ങൾ ഉണ്ടായി. ഇത്തരം കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനാണു ഹിന്ദു ആചാര സംരക്ഷണ സമിതി രൂപീകരിച്ചത്. ദുർബലവാദങ്ങൾ ഉപയോഗിച്ചു പൗരാവകാശത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയും സിപിഎം വെല്ലുവിളിക്കുകയാണ്. ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന സമുദായങ്ങളുണ്ട്. അവരുടെ അന്നം മുട്ടിക്കുന്ന ഏർപ്പാടാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ധാർമികതകൾ തൊട്ടുതീണ്ടാത്ത സിപിഎം നടപടികൾക്കെതിരേ 30ന് ഉച്ചകഴിഞ്ഞ് മൂന്നിന് തളിപ്പറമ്പിൽ ഹിന്ദു ആചാര സംരക്ഷണ കൺവൻഷനും വൈകുന്നേരം 4.30ന് ടൗണിൽ പൊതുസമ്മേളനവും നടത്തും. സ്വാമി ചിദാനന്ദപുരി, സ്വാമി അമൃതകൃപാനന്ദപുരി, സ്വാമിനി അപൂർവാനന്ദസരസ്വതി, ബിജെപി സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, പി.ഗോപാലൻകുട്ടി, വിഎച്ച്പി സംസ്‌ഥാന പ്രസിഡന്റ് എസ്.ജെ.ആർ. കുമാർ, തന്ത്രിമുഖ്യൻമാരായ എടവലത്ത് കുബേരൻ നമ്പൂതിരിപ്പാട്, വിലങ്ങര നാരായണൻ ഭട്ടതിരിപ്പാട്, ഇ.പി.ഹരിജയന്തൻ നമ്പൂതിരി, വിവിധ സാമുദായിക നേതാക്കൾ, ആചാരസ്‌ഥാനികർ, ഹിന്ദുസംഘടന നേതാക്കൾ, ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 300 കേന്ദ്രങ്ങളിൽ ഹിന്ദു ജാഗ്രതാ സദസുകൾ നടത്തി ആചാരസംരക്ഷണത്തിനുവേണ്ടിയുള്ള പ്രമേയം പാസാക്കുമെന്ന് നേതാക്കൾ അറിയിച്ചു.


കൺവീനർമാരായ കെ.വി.ജയരാജൻ, കെ.ബി.പ്രജിൽ, ഒ.എം.സജിത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

<ആ>ശ്രീകൃഷ്ണനു കൊക്കകോള നൽകി പരിഹസിച്ചെന്നു പി. ജയരാജൻ

തളിപ്പറമ്പ്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശ്രീകൃഷ്ണനു ബഹുരാഷ്ട്ര കോർപറേറ്റുകളുടെ ഉത്പന്നങ്ങളായ കൊക്കകോളയും ഐസ്ക്രീമും നൽകി വിശ്വാസികളെ ആർഎസ്എസ് പരിഹസിച്ചെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ. ഘോഷയാത്രയിലെ ശ്രീകൃഷ്ണനു കൊക്കകോളയും ഐസ്ക്രീമും കൊടുക്കുന്ന ചിത്രങ്ങളാണു പത്രങ്ങളിൽ വന്നത്. ഈ നടപടി ശരിയാണോയെന്നും ജയരാജൻ ചോദിച്ചു. കേരള കോ–ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) കണ്ണൂർ ജില്ലാ പഠന ക്യാമ്പ് ബക്കളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബക്കളത്തു സിപിഎം നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ തിടമ്പുനൃത്തം അവതരിപ്പിച്ചതു വിവാദമാക്കിയതിനു പിന്നിൽ ആർഎസ്എസിന്റെ രാഷ്ട്രീയ അജൻഡയാണ്. നവോത്ഥാനത്തിനെതിരായ ശക്‌തികളാണു തിടമ്പുനൃത്തം അവതരിപ്പിച്ചതിനെതിരേ ആക്ഷേപമുന്നയിക്കുന്നത്. ക്ഷേത്രത്തിനകത്തെ കലയായ കഥകളി ഇന്നു കടൽ കടന്ന് അവതരിപ്പിക്കപ്പെടുന്നു. ഉടുക്കുകൊട്ട് പോലുള്ള കലകൾ ഇന്നു ക്ഷേത്രമതിൽ കടന്നു പുറത്തേക്കെത്തിയെന്നും ജയരാജൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.