നഴ്സിംഗ് തട്ടിപ്പിന് ഇരയായവരെ സഹായിക്കുമെന്നു സന്നദ്ധ സംഘടന
Saturday, August 27, 2016 11:29 AM IST
<ആ>ജോമി കുര്യാക്കോസ്

കോട്ടയം: നഴ്സിംഗ് റിക്രൂട്ടിംഗ് സ്‌ഥാപനങ്ങളുടെ തട്ടിപ്പിന് ഇരയായവരുടെ പ്രശ്നങ്ങളിൽ ഇടപെടുമെന്നു സന്നദ്ധ സംഘടന. ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷനാണ് നഴ്സിംഗ് റിക്രൂട്ട്മെന്റ് രംഗത്തെ തട്ടിപ്പിനെതിരേ രംഗത്തുവരുന്നത്.

രാജ്യത്തു നഴ്സിംഗ് റിക്രൂട്ടിംഗ് സ്‌ഥാപനങ്ങൾക്കെതിരേ പരാതി കൂടിവരികയാണെന്നു സംഘടന ചൂണ്ടിക്കാണിക്കുന്നു. പരാതിയുടെ ഭാഗമായി രാജ്യത്തു പ്രവർത്തിക്കുന്ന നഴ്സിംഗ് റിക്രൂട്ടിംഗ് സ്‌ഥാപനങ്ങളുടെ വിവര ശേഖരണം നടത്തും.

വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനംചെയ്തു നിരവധിയാളുകളിൽനിന്നു പണംതട്ടിപ്പ് നടത്തുന്നതായി പരാതിയുണ്ട്. കൂടുതൽ പരാതികൾ മലയാളി നഴ്സുമാരുടേതാണ്. തൊഴിൽ തേടുന്ന നഴ്സുമാരിൽനിന്നു ചെറിയ തുകകൾ വാങ്ങി രജിസ്ട്രേഷൻ നടത്താനെന്ന പേരിൽ തട്ടിപ്പു നടത്തുന്നവരുമുണ്ട്.

ഡൽഹി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്‌ഥാപനത്തിനെതിരേ ഇതിനകം നിരവധി നഴ്സുമാർ രംഗത്ത് എത്തിയിട്ടുണ്ട്. ചങ്ങനാശേരി സ്വദേശിനി പ്രിൻസിക്കു ജർമനിയിൽ ജോലി വാഗ്ദാനം ചെയ്തു ഡൽഹിയിൽ റിക്രൂട്ടിംഗ് സ്‌ഥാപനം ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ, ആറുമാസം പിന്നിട്ടിട്ടും ജോലി നൽകാനോ പണം തിരികെ നൽകാനോ തയാറായില്ല. ഇതോടെയാണു ഇവർ സഹായത്തിനായി ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷനെ സമീപിച്ചത്.


ഇതിനുശേഷം ഡൽഹി പോലീസിനു പരാതി നൽകി. പരാതിയുടെ പശ്ചാത്തലത്തിൽ ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷനും വിവരശേഖരണത്തിനു തയാറാവുകയായിരുന്നു. ഇത്തരം സംഭവങ്ങളിൽ പോലീസിൽ പരാതി നല്കിയാലും തുടർ നടപടി ഉണ്ടാകാറില്ലെന്നു തട്ടിപ്പിന് ഇരയായവർ പറയുന്നു.

ഇത്തരം ദുരിതങ്ങളിൽപ്പെട്ട നഴ്സുമാരുടെ പരാതി പരിഹരിച്ചു കിട്ടാൻ ശ്രമം നടത്തുമെന്നു കമ്മീഷൻ ചീഫ് നാഷണൽ വൈസ് ചെയർ പേഴ്സണും സംസ്‌ഥാന ചെയർപേഴ്സണുമായ വി.പി. റോണി പറഞ്ഞു. കമ്മീഷൻ ഫോൺ: 9605524400.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.