ആർഎംപി ദേശീയ തലത്തിലേക്ക്
Saturday, August 27, 2016 11:11 AM IST
<ആ>പ്രബൽ ഭരതൻ

കോഴിക്കോട്: കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഒഞ്ചിയത്ത് പിറവിയെടുത്ത റെവലൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർഎംപി) ദേശീയ പാർട്ടിയായി മാറുന്നു. വിവിധ സംസ്‌ഥാനങ്ങളിൽ സിപിഎമ്മിൽനിന്നു പുറത്ത് വന്നവർ രൂപീകരിച്ച പ്രാദേശിക പാർട്ടികൾ ലയിച്ചാണു ദേശീയ പാർട്ടിക്കു രൂപം നൽകുന്നത്. റെവലൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന പേരിലാണു പാർട്ടി രൂപീകരിക്കുന്നത്.

പ്രഖ്യാപനം സെപ്റ്റംബർ 17ന് പഞ്ചാബിലെ അമൃത്സറിൽ നടക്കുമെന്നു സംസ്‌ഥാന സെക്രട്ടറി എൻ. വേണു ‘ദീപിക’യോടുപറഞ്ഞു. പഞ്ചാബിലെ പഞ്ചാബ് മാർക്സിസ്റ്റ് പാർട്ടി, പഞ്ചിമ ബംഗാളിലെ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ബംഗാൾ, തമിഴ്നാട്ടിലെ തമിഴ്നാട് മാർക്സിസ്റ്റ് പാർട്ടി, മഹാരാഷ്ട്രയിലെ ഗോദാവരി പരിലേക്കർ മഞ്ച്, ആന്ധ്രപ്രദേശിലെ ജനശക്‌തി എന്നീ പാർട്ടികളാണു ലയിക്കുന്നത്. ദേശീയ തലത്തിൽ തന്നെ ഒരു ബദൽ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിൽ ആർഎംപിക്ക് പ്രവർത്തിക്കാൻ കഴിയുമെന്നും എൻ. വേണു പറഞ്ഞു.

പാർട്ടിയുടെ നേതൃത്വത്തെക്കുറിച്ചും പാർട്ടിയുടെ ചിഹ്നത്തെ കുറിച്ചുമുള്ള ചർച്ചകൾ നടന്നു വരികയാണ്. വരും ദിവസങ്ങളിൽ ഇതിനും തീരുമാനമുണ്ടാകും. അതിനിടെ സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവി നഷ്‌ടമായാൽ അരിവൾ ചുറ്റിക നക്ഷത്രം പാർട്ടി ചിഹ്നമായി സ്വീകരിക്കുന്ന കാര്യവും ചർച്ചയിലാണ്. സിപിഎം കേന്ദ്ര കമ്മിറ്റിയിൽനിന്നു പുറത്തു വന്ന മംഗത് റാം പാസ്ല, ഓംപുരി എന്നിവർ ചേർന്നു രൂപീകരിച്ചതാണു പഞ്ചാബ് മാർക്സിസ്റ്റ് പാർട്ടി. ഇവർ നേരത്തെതന്നെ പഞ്ചാബിൽ സിപഎമ്മിനു വലിയ ഭീഷണി ഉയർത്തിയിരുന്നു. കേരളത്തിൽ സിപിഎമ്മിനു ഭീഷണിയായി ആർഎംപി വളരുമെന്ന സാഹചര്യം വന്നപ്പോഴാണ് ആർഎംപിയുടെ സ്‌ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരൻ വധിക്കപ്പെടുന്നത്.


ചിതറി കിടക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികളെ ഒരു കുടക്കീഴിൽ അണിനിരത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ടി.പി. നിരവധി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. 2008ലാണ് ടി.പി. പാർട്ടി വിട്ടു പുറത്തുവന്ന് ആർഎംപി രൂപീകരിച്ചത്. തുടർന്നു വടകര മേഖലയിൽ ആർഎംപി സിപിഎമ്മിനു വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. ആർഎംപിയുടെ നേതൃത്വത്തിൽ 2014ൽ രൂപീകരിച്ച ഇടതുപക്ഷ ഐക്യമുന്നണിയുടെ കക്ഷികളായാണ് ആർഎംപി തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്.

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ആർഎംപി സിപിഐൽ ലയിക്കുമെന്ന പ്രചാരണം കേരളത്തിൽ സജീവമാകുന്നതിനിടയിലാണു ദേശീയ പാർട്ടി രൂപവത്കരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.