ബാർ ലൈസൻസ് പുതുക്കി നല്കാൻ ഉത്തരവ്
Saturday, August 27, 2016 10:51 AM IST
കൊച്ചി: സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി ബാർ ലൈസൻസ് നഷ്‌ടമായതോടെ ബിയർ ആൻഡ് വൈൻ പാർലർ തുടങ്ങിയ രണ്ടു ഹോട്ടലുകൾക്ക് പിന്നീട് പഞ്ചനക്ഷത്ര പദവി ലഭിച്ച സാഹചര്യത്തിൽ ബാർ ലൈസൻസ് പുതുക്കി നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. തൃപ്പൂണിത്തുറയിലെ ഹിൽടോപ്പ്, ചങ്ങനാശേരിയിലെ കോണ്ടൂർ എന്നീ ഹോട്ടലുകൾക്കാണ് ബാർ ലൈസൻസ് പുതുക്കി നൽകാൻ ഹൈക്കോടതി നിർദേശിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴികെയുള്ളവയ്ക്ക് ബാർ ലൈസൻസ് നൽകേണ്ടെന്ന സർക്കാർ നയത്തെത്തുടർന്ന് 2014 മാർച്ചിൽ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നഷ്‌ടമായി. തുടർന്ന് ഇവർ ബിയർ ആൻഡ് വൈൻ പാർലർ തുടങ്ങാനുള്ള ലൈസൻസ് വാങ്ങി പ്രവർത്തനം ആരംഭിച്ചിരുന്നു. പിന്നീട് ഈ ഹോട്ടലുകൾ പഞ്ചനക്ഷത്ര ഹോട്ടലുകളാക്കി പുതുക്കിയപ്പോൾ ബാർ ലൈസൻസ് പുതുക്കി നൽകാൻ അപേക്ഷിച്ചു. എന്നാൽ 2014ൽ ബാർ ലൈസൻസ് നഷ്‌ടമായെന്നും ഇല്ലാത്ത ലൈസൻസ് പുതുക്കാനാവില്ലെന്നും വ്യക്‌തമാക്കി എക്സൈസ് വകുപ്പ് അപേക്ഷ തള്ളി.


ഇതിനെതിരേ ഹോട്ടലുടമകൾ നൽകിയ ഹർജിയിൽ സർക്കാരിന്റെ നയം കാരണം നഷ്‌ടമായ ബാർ ലൈസൻസ് പുതിയ സാഹചര്യത്തിൽ പുതുക്കി നൽകാൻ ബാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി. ബാർ ലൈസൻസ് നഷ്‌ടമായപ്പോൾ ബിയർ ആൻഡ് വൈൻ പാർലറിനുള്ള ലൈസൻസ് എടുത്തിരുന്നതും ചൂണ്ടിക്കാട്ടി അപേക്ഷ പുന:പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. എന്നാൽ മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയെന്നതാണ് സർക്കാരിന്റെ നയമെന്നും നിലവിലുള്ള പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രമാണ് ബാർ ലൈസൻസ് നൽകുകയെന്നും വിശദീകരിച്ച് സർക്കാർ അപേക്ഷ വീണ്ടും നിരസിച്ചു. ഇതിനെതിരേ ഹോട്ടലുടമകൾ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.