കെസിബിസി മതാധ്യാപക അവാർഡുകൾ സമ്മാനിച്ചു
കെസിബിസി മതാധ്യാപക അവാർഡുകൾ സമ്മാനിച്ചു
Saturday, August 27, 2016 10:51 AM IST
ആലപ്പുഴ: കെസിബിസി മതാധ്യാപകർക്കായി ഏർപ്പെടുത്തിയിട്ടുള്ള 2016–ലെ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ആലപ്പുഴ രൂപത കർമസദൻ പാസ്റ്ററൽ സെന്ററിൽ നടന്ന മതാധ്യാപക സമ്മേളനത്തിലാണ് അവാർഡുകൾ വിതരണം ചെയ്തത്.

ആലപ്പുഴ രൂപത കൊമ്മാടി തിരുക്കുടുംബം ഇടവകാംഗം ലാലു മലയിൽ, തിരുവല്ല അതിരൂപത പുളിക്കീഴ് സെന്റ് ജോർജ് ഇടവകാം ഗം മേരിക്കുട്ടി ജോർജ്, ഇരിങ്ങാലക്കുട രൂപത സെന്റ് മേരീസ് അസംപ്ഷൻ ഇടവകാംഗം കെ.കെ. സെബാസ്റ്റ്യൻ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. 25,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കേരള സഭയിലെ വിശ്വാസപരിശീലനരംഗത്തു പ്രശംസനീയമായ സംഭാവന നല്കിയ ഫാ. മാത്യു നടക്കല്ലിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കൽ കുടുംബാംഗങ്ങളും കെസിബിസിയും സംയുക്‌തമായി ഏർപ്പെടുത്തിയതാണ് അവാർഡ്.


അവാർഡ് സമർപ്പണ സമ്മേളനം കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാബാവ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപതാ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ അധ്യക്ഷത വഹിച്ചു. ആലപ്പുഴ രൂപതാ മതബോധനകേന്ദ്രം ഡയറക്ടർ ഫാ. സൈമൺ കുരിശിങ്കൽ സ്വാഗതം ആശംസിച്ചു. പിഒസി ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട് നന്ദി അർപ്പിച്ചു.

അവാർഡുദാനത്തോടനുബന്ധിച്ചു നടത്തിയ മതാധ്യാപക സെമിനാറിനു ഫാ. ജോളി വടക്കൻ, ഫാ. ജോളി കരിമ്പിൽ, ഫാ. ഷിബു സേവ്യർ ഒസിഡി എന്നിവർ നേതൃത്വം നല്കി. കേരളത്തിലെ വിവിധരൂപതകളിലെ മതാധ്യാപകർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.