പാമോയിൽ കേസിൽ ഒക്ടോബർ അഞ്ചിന് കുറ്റപത്രം വായിക്കും
Saturday, August 27, 2016 10:51 AM IST
തിരുവനന്തപുരം: പാമോയിൽ കേസിൽ ഒക്ടോബർ അഞ്ചിനു പ്രതികൾക്കെതിരായ കുറ്റപത്രം വിജിലൻസ് ജഡ്ജി എ. ബദറുദീൻ വായിക്കും. കേസിലെ എട്ടാം പ്രതിയും മുൻ ചീഫ് സെക്രട്ടറിയുമായ പി.ജെ. തോമസ് സമർപ്പിച്ച വിടുതൽ ഹർജി തളളിയ ശേഷമാണു വിചാരണ നടപടി തുടങ്ങേണ്ടതുണ്ടെന്നു കോടതി വ്യക്‌തമാക്കിയത്. 20 വർഷത്തോളം നീണ്ട കേസെന്ന അപഖ്യാതിക്കു പിന്നിൽ പ്രോസിക്യുഷൻ അല്ലെന്നും ഒരോ ഘട്ടത്തിലും പ്രതികൾ നിയമ നടപടികളിലൂടെ കേസ് നീട്ടികൊണ്ടു പോകുകയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഒക്ടോബർ അഞ്ചിനു മുഴുവൻ പ്രതികളും ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു,

പി.ജെ.തോമസിനെതിരേ ഗൂഢാലേചന കുറ്റം മാത്രമാണ് ആരോപിച്ചിട്ടുളളതെന്നും അഴിമതി നിയമം ഉൾപ്പെടുത്തിയിട്ടില്ലെന്നും കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രോസിക്യൂഷൻ അനുമതി ഇല്ല എന്നതും പരിഗണിക്കണമെന്നത് ഉൾപ്പടെയുളള വാദങ്ങൾ കോടതി തള്ളി. കേസിലെ മൂന്നും നാലും പ്രതികളായ മുൻ ചീഫ് സെക്രട്ടറിമാരായിരുന്ന എസ്. പദ്മകുമാർ, സക്കറിയ മാത്യു എന്നിവരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ തൃശൂർ വിജിലൻസ് കോടതി നടപടിയെ പരോക്ഷമായി വിധിയിൽ വിമർശിച്ചിട്ടുമുണ്ട്. നേരത്തെ ജിജി തോംമസൺ സമർപ്പിച്ച വിടുതൽ ഹർജി തള്ളി ഹൈക്കോടതി നടത്തിയ പരാമർശം തൃശൂർ കോടതി പരിഗണിച്ചില്ലെന്നതാണു വിമർശനം. ആഗോള ടെൻഡർ വിളിക്കാതെ കൂടിയ നിരക്കിൽ സിംഗപൂരിൽനിന്നു പാമോലിൻ ഇറക്കുമതി ചെയ്തതും എണ്ണയുടെ ഗുണനിലവാരം ഉറപ്പാക്കാതിരുന്നതിനു പിന്നിലും അഴിമതിയുണ്ടെന്നാണു ഹൈക്കോടതി നിരീക്ഷിച്ചത്. ഈ ഉത്തരവ് നിലനിൽക്കവേ തൃശൂർ കോടതി വിധിയുടെ ചുവടു പിടിച്ചു പി.ജെ.തോമസിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കാനാവില്ലെന്നു കോടതി വ്യക്‌തമാക്കി.


പി.ജെ.തോമസ് ഗൂഢാലോചനയിൽ പങ്കെടുത്തതിനു വ്യക്‌തമായ തെളിവുകളുണ്ടെന്ന സ്പെഷൽ പ്രോസിക്യുട്ടർ പി.എ.അഹമ്മദിന്റെ വാദം കോടതി അംഗീകരിച്ചു. എഫ്ഐആറിൽ പേര് ഉൾപ്പെട്ടിട്ടില്ലെന്നു കാരണം മാത്രം ചൂണ്ടിക്കാട്ടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ പ്രതിയെ ഒഴിവാക്കാനാവില്ലെന്നും വിധിയിൽ പറയുന്നു. ഇറക്കുമതി സംബന്ധിച്ചു ധനവകുപ്പ് പുറത്തിറക്കേണ്ടിയിരുന്ന കരട് ഉത്തരവ് ചീഫ് സെക്രട്ടറി എന്ന നിലയിൽ പി.ജെ. തോമസ് തടഞ്ഞുവച്ചതിനും ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ധനവകുപ്പിലേക്കു കൈമാറാതെ തടഞ്ഞുവച്ചതിനും പ്രഥമദൃഷ്‌ട്യാ തെളിവുകളുണ്ട്.

സിവിൽ സപ്ലൈസ് എംഡിയായിരുന്ന ജിജി തോംസൺ സ്റ്റോർ പർച്ചേസ് ചട്ടം ലംഘിച്ചിട്ടും കരാർ സിവിൽ സപ്ലൈസ് കോർപ്പറേഷനു നഷ്‌ടം ഉണ്ടാക്കുമെന്ന് അറിയാമായിരുന്നിട്ടും പി.ജെ. തോമസ് തടഞ്ഞില്ല. വിദേശരാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതു സംബന്ധിച്ച ചട്ടങ്ങൾ വകുപ്പ് മന്ത്രിയെ അറിയിക്കാനുള്ള നിയമപരമായ ബാധ്യത പി.ജെ. തോമസ് നിറവേറ്റിയില്ലെന്നും കോടതി കണ്ടെത്തി. ഇറക്കുമതി സംബന്ധിച്ച ചട്ടങ്ങൾ രേഖമൂലം മന്ത്രിക്ക് എഴുതി നൽകണമെന്ന വ്യവസ്‌ഥയും പാലിക്കപ്പെട്ടില്ല. ഇതിനു പുറമെ ഇറക്കുമതി സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങിയതായും കാണുന്നില്ലെന്നു കണ്ടെത്തിയാണു പി.ജെ.തോമസിന്റെ ഹർജി കോടതി തള്ളിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.