നഴ്സിംഗ് വിദ്യാർഥികളുടെ കലോത്സവം: മധ്യമേഖല ചാമ്പ്യൻമാർ
Saturday, August 27, 2016 10:49 AM IST
കൊച്ചി: സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ (എസ്എൻഎ) സംഘടിപ്പിച്ച നഴ്സിംഗ് വിദ്യാർഥികളുടെ സംസ്‌ഥാന കലോത്സവത്തിൽ 132 പോയിന്റോടെ മധ്യമേഖല ചാമ്പ്യന്മാരായി.

127 പോയിന്റുമായി കഴക്കൻ മേഖലയും 98 പോയിന്റുമായി ദക്ഷിണ മേഖലയുമാണ് യഥാക്രമം രണ്ടും മൂന്നും സ്‌ഥാനത്ത്. മികച്ച പ്രവർത്തനത്തിനുള്ള മേഖലാ സമ്മാനം ഈസ്റ്റ് സോൺ നേടി. മികച്ച യൂണിറ്റിനുള്ള അവാർഡ് കോതമംഗലം മാർ ബസേലിയോസ് കോളജിനാണ്. കോലഞ്ചേരി എംഒഎസ്ഇ കോളജിലെ ഗ്രേസ് മരിയ ജോസഫാണ് കലാതിലകം. വാളകം മേഴ്സി കോളജ് ഓഫ് നേഴ്സിംഗിലെ ജിത്തുവാണ് കലാപ്രതിഭ.


രണ്ടു ദിവസമായി കലൂർ റിന്യൂവൽ സെന്ററിൽ നടന്ന കലോത്സവത്തിൽ എട്ട് സോണുകളാണു പങ്കെടുത്തത്. കേരളത്തിലെ വിവിധ കോളജുകളിൽനിന്നുള്ള കുട്ടികൾ പങ്കെടുത്തു. മുപ്പതോളം കോളജുകൾ ഉൾപ്പെടുന്നതാണ് ഒരു മേഖല.

ഇന്നലെ വൈകുന്നേരം അഞ്ചിനു നടന്ന സമാപന സമ്മേളനത്തിൽ സംസ്‌ഥാന ഉപദേശകൻ ഡി. അനീഷ് സമ്മാനങ്ങൾ വിതരണം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.