ലോറിഡ്രൈവറുടെ വധം: വിചാരണ ഉടൻ വേണമെന്നു ഹൈക്കോടതി
ലോറിഡ്രൈവറുടെ വധം: വിചാരണ ഉടൻ വേണമെന്നു ഹൈക്കോടതി
Friday, August 26, 2016 12:25 PM IST
മഞ്ചേരി: ലോറി ഡ്രൈവറെ കഴുത്തിൽ തോർത്തുമുണ്ടു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊക്കയിൽ ഉപേക്ഷിച്ചെന്ന കേസിൽ ഉടൻ വിചാരണ തുടങ്ങണമെന്നു ഹൈക്കോടതി ജില്ലാ കോടതിക്കു നിർദേശം നൽകി.

കൊല്ലപ്പെട്ട ചങ്ങനാശേരി പുത്തൻപറമ്പിൽ സിജി തോമസിന്റെ മാതാവ് മേരി തോമസ്(85) ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് ഉത്തരവ്. കോഴിക്കോട് ചക്കിട്ടപ്പാറ വരയനാട്ട് ജെറിൻ മാത്യു എന്ന ജോബി(35), ചക്കിട്ടപാറ നിരപ്പയിൽ അരുൺ ഫിലിപ്(27) എന്നിവരാണു പ്രതികൾ. ഇവരുടെ ജാമ്യാപേക്ഷ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(രണ്ട്) ജഡ്ജി പി.എസ് ശശികുമാർ ഇന്നലെ നിരസിച്ചു.


2015 സെപ്റ്റംബർ ഏഴിനാണു സംഭവം. കെഎൽ 54 സി 8909 നമ്പർ ലോറിയിൽ എറണാകുളത്തുനിന്നു ഹോർലിക്സ് ലോഡുമായി കോഴിക്കോടെത്തിയതായിരുന്നു സിജി തോമസ്. എറണാകുളത്തേക്കു മടക്കലോഡുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച പ്രതികൾ കോഴിക്കോട് ബീച്ചിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. താമരശേരി എസ്റ്റേറ്റ് മുക്കിലെത്തിയപ്പോൾ മദ്യത്തിൽ മയക്കുമരുന്നു കലർത്തി കുടിപ്പിച്ച ശേഷം സിജി തോമസിനെ കൊലപ്പെടുത്തി താമരശേരി ചുരത്തിൽ തകരപ്പാടി ഒമ്പതാം വളവിൽനിന്നു മൃതദേഹം കൊക്കയിലേക്കു വലിച്ചെറിഞ്ഞെന്നാണു കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.