പോലീസിലെ ക്രിമിനലുകളോടു മൃദുസമീപനം വേണ്ടെന്നു സിപിഎം
പോലീസിലെ ക്രിമിനലുകളോടു മൃദുസമീപനം വേണ്ടെന്നു സിപിഎം
Thursday, August 25, 2016 12:38 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്‌ഥാന പോലീസിലെ ക്രിമിനലുകളോട് ഒരുതരത്തിലുമുള്ള മുദുസമീപനവും സർക്കാർ കാണിക്കരുതെന്നു സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ്. ക്രിമിനലുകളായ പോലീസുകാരെ സംബന്ധിച്ചു നിലവിലുള്ള റിപ്പോർട്ടിന്മേൽ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്നും പ്രധാനപ്പെട്ട ഒരു പദവികളിലും ഇത്തരം പോലീസുകാരെ നിയമിക്കരുതെന്നും പാർട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ് സർക്കാരിനു നിർദേശം നൽകി. ഏതു സർക്കാർ വന്നാലും ബന്ധങ്ങൾ ഉപയോഗിച്ചു സംരക്ഷണം തേടുന്ന ചില പോലീസ് ഉദ്യോഗസ്‌ഥരാണു സർക്കാരിനു പേരുദോഷം ഉണ്ടാക്കുന്നത്.

തങ്ങളുടെ മണ്ഡലങ്ങളിൽ പോലീസ് ഉദ്യോഗസ്‌ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടു പാർട്ടി എംഎൽഎമാർ നൽകുന്ന ശിപാർശകൾ സെക്രട്ടേറിയറ്റ് കൂടി പരിശോധിച്ചശേഷമേ പരിഗണിക്കാവൂ എന്നും ഇന്നലെ ചേർന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് നിർദേശം നൽകി. അടുത്തിടെ പോലീസുമായി ബന്ധപ്പെട്ടുണ്ടായ ചില വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു പാർട്ടിയുടെ ഇടപെടൽ.

ക്ഷേമപെൻഷനുകൾ സഹകരണ ബാങ്കുകൾ മുഖാന്തരം വിതരണം ചെയാനുള്ള സർക്കാർ തീരുമാനത്തെ സിപിഎം സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു. വളരെ ഉത്തരവാദിത്തത്തോടെ നിർവഹിക്കേണ്ട പ്രവൃത്തിയായതിനാൽ പാർട്ടിയിൽ നിന്നും സഹകരണ ബാങ്കുകളുടെ ചുമതലയുള്ള നേതാക്കൾ പെൻഷൻ വിതരണം കാര്യക്ഷമമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ജില്ലാ കമ്മിറ്റികളും ഏരിയാ കമ്മിറ്റികളും ഇക്കാര്യത്തിൽ നിരന്തരം യോഗം കൂടി പ്രവർത്തന പുരോഗതി വിലയിരുത്തണം. ഓണത്തിനു മുമ്പു കുടിശികയടക്കം പെൻഷൻകാർക്കു ലഭിക്കാനുള്ള മുഴുവൻ തുകയും ബന്ധപ്പെട്ടവരുടെ കൈകളിലെത്തണം. ഇതു സർക്കാരിനും പ്രത്യേകിച്ചു പാർട്ടിക്കും വലിയ ഗുണം ലഭിക്കുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.


കെ.എം. മാണിയുമായി ബന്ധപ്പെട്ടുയർന്ന വിഷയങ്ങളൊന്നും സെക്രട്ടേറിയറ്റ് ചർച്ച ചെയ്തില്ല. വിവാദങ്ങൾ ഉണ്ടാക്കരുതെന്ന പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ കർശനമായ നിർദേശത്തിന്റെ കൂടി അടിസ്‌ഥാനത്തിലാണു മാണി വിഷയം ചർച്ച ചെയ്യാത്തത്. ബോർഡ്–കോർപറേഷനുകളിലെ ചെയർമാന്മാരെ സംബന്ധിച്ചു നേരത്തേ സിപിഎം സെക്രട്ടേറിയറ്റ് കൈക്കൊണ്ട തീരുമാനങ്ങൾ കർശനമായി പാലിക്കും. പ്രധാനപ്പെട്ട സ്‌ഥാപനങ്ങളുടെ തലപ്പത്തു പരിചയസമ്പന്നരേയും പാർട്ടി നേതൃത്വത്തിലുള്ളവരെയും പരിഗണിക്കും.

ഇതിന്റെകൂടി അടിസ്‌ഥാനത്തിലാണു മുൻ സ്പീക്കറും മുൻ മന്ത്രിയും പാർട്ടി സംസ്‌ഥാന കമ്മിറ്റിയംഗവും കൂടിയായ എം. വിജയകുമാറിനെ കെടിഡിസിയുടെ ചെയർമാനാക്കാൻ സിപിഎം തീരുമാനിച്ചത്. എന്നാൽ, ഇതിൽ സിപിഎം ഔദ്യോഗിക വിഭാഗത്തിൽ കടുത്ത ഭിന്നതയുണ്ട്. തിരുവനന്തപുരം ജില്ലയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുപ്പമുള്ള നേതാക്കളാണു എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പാർട്ടിയിലും സർക്കാരിലും ചിലർ സ്‌ഥിരമായി അധികാരസ്‌ഥാനത്തിരിക്കുന്നതു നല്ല കീഴ്വഴക്കമല്ലെന്ന അഭിപ്രായമാണ് ഇവർക്കുള്ളത്. മറ്റുള്ളവരുടെ അവസരം ഇതോടെ നഷ്‌ടമാകുകയാണെന്നും പാർട്ടിയുടെ മുന്നോട്ടുപോക്കിന് ഇതു ഗുണകരമാകില്ലെന്നുമാണു ഇവരുടെ വിമർശനം.

ഈ മാസം 30–നു ചേരുന്ന ഇടതുമുന്നണി യോഗത്തിനുശേഷമേ മറ്റു പാർട്ടികൾക്കു നൽകേണ്ട ബോർഡ്–കോർപറേഷനുകളെ സംബന്ധിച്ചു തീരുമാനമെടുക്കൂ. സിപിഐയും യോഗത്തിനുശേഷമേ ചെയർമാന്മാരെ തീരുമാനിക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.