സംയോജിത ചെക്പോസ്റ്റ് സംവിധാനം സ്‌ഥാപിക്കും
Thursday, August 25, 2016 12:38 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തേക്കു റോഡുമാർഗമുള്ള പ്രധാന പ്രവേശന സ്‌ഥലങ്ങളിൽ സംയോജിത ചെക്പോസ്റ്റ് സംവിധാനം എന്ന നിലയിൽ ഡാറ്റാ കളക്ഷൻ ഫസിലിറ്റേഷൻ സെന്ററുകൾ സ്‌ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്‌ഥാനത്ത് 84 ചെക്പോസ്റ്റുകളാണ് നിലവിലുള്ളത്.

നിലവിൽ വാണിജ്യ നികുതി, എക്സൈസ്, ഗതാഗതം, വനം, മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളുടെ പ്രത്യേകം ചെക്ക്പോസ്റ്റുകളിൽ പ്രത്യേകം പ്രത്യേകമായ പരിശോധനയാണു നടത്തുന്നത്. ഇതു നടപടിക്കുരുക്കുകളും അസുഖകരമായ സാഹചര്യങ്ങളും ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു പുതിയ തീരുമാനം. ഇലക്ട്രോണിക് മാർഗത്തിലൂടെ എല്ലാ വകുപ്പുകൾക്കും ആവശ്യമായ വിവരങ്ങൾ ചിത്രങ്ങൾ തുടങ്ങിയവ ശേഖരിക്കാനും കൈമാറാനും പുതിയ സംവിധാനം വഴി സാധിക്കും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടു ധനമന്ത്രി തോമസ് ഐസക് കൺവീനറായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, എ.കെ. ശശീന്ദ്രൻ, പി. തിലോത്തമൻ എന്നിവർ അംഗങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.