വിജിലൻസ് ഉദ്യോഗസ്‌ഥർ ചമഞ്ഞു തട്ടിപ്പ്: രണ്ടുപേർകൂടി പിടിയിൽ
വിജിലൻസ് ഉദ്യോഗസ്‌ഥർ ചമഞ്ഞു തട്ടിപ്പ്: രണ്ടുപേർകൂടി പിടിയിൽ
Thursday, August 25, 2016 12:26 PM IST
പെരുമ്പാവൂർ: വിജിലൻസ് ഉദ്യോഗസ്‌ഥർ ചമഞ്ഞു കവർച്ച നടത്തിയ കേസിൽ രണ്ടുപേരെ കൂടി ഇന്നലെ അറസ്റ്റു ചെയ്തു. കണ്ണൂർ വടക്കേതെരുവ് താഴകത്ത് ഉസ്മാന്റെ മകൻ അബ്ദുൾ ഹാലീം (39), മലപ്പുറം പൊന്നാനി വെളിയംകോട് പാലപ്പെട്ടി ഹമീദിന്റെ മകൻ ഷംനാദ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.

കവർച്ചക്കേസിൽ ആകെ 14 പ്രതികളാണുള്ളത്. മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്നു പേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവർ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിലാണ്. ഇനി ഒൻപതു പേർ കൂടി പിടിയിലാകാനുണ്ട്. ഹാലീമിന്റെ കൂട്ടാളി ഹാരീസ് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നു പോലീസ് സൂചന നൽകി. തീവ്രവാദക്കേസിൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീറിന്റെ കൂട്ടാളികളാണു ഹാലീമും ഹാരീസും.

അറുപതു പവനും പണവും ഫോണുകളും മറ്റുമാണു വിജിലൻസ് ഉദ്യോഗസ്‌ഥർ ചമഞ്ഞു പ്രതികൾ വീട്ടിൽനിന്നു കവർച്ച ചെയ്തത്. ഇതിൽ സ്വർണമൊഴിച്ചു മറ്റുള്ളവ പോലീസിനു ലഭിച്ചു. വീട്ടിൽനിന്നു കൊണ്ടുപോയ രേഖകൾ അടങ്ങിയ ബാഗ് ആലുവ മംഗലപ്പുഴ പാലത്തിനു സമീപത്തുനിന്നു കണ്ടെടുത്തു. ബാഗ് കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു. പോലീസിന്റെ സാന്നിധ്യത്തിൽ ചേലാമറ്റം സ്വദേശി ബാഗ് മുങ്ങിയെടുത്തു. വീടിന്റെ താക്കോൽ, എടിഎം കാർഡ് തുടങ്ങിയവ ബാഗിലുണ്ടായിരുന്നു. സംഘാംഗമായ റഹീസാണു ബാഗ് പുഴയിൽ എറിഞ്ഞത്. സ്വർണത്തിനായുള്ള തെരച്ചിൽ തുടരുകയാണ്. സംഘം കവർച്ചയ്ക്കായി ഉപയോഗിച്ച ഇന്നോവ കാർ കണ്ണൂർ സ്വദേശിയുടേതാണ്. പ്രതികൾ കാർ വാടകയ്ക്കെടുത്തു കൃത്യം നിർവഹിച്ചശേഷം മടക്കി നൽകിയിരുന്നു. പിന്നീട് ഈ വാഹനം മറ്റൊരു പാർട്ടി മൂന്നാറിലേക്കു കൊണ്ടുപോയി.

എറണാകുളത്തുനിന്ന് ഈ കാർ പോലീസ് പിടികൂടിയിട്ടുണ്ട്. പ്രതികൾ ഉപയോഗിച്ച ആൾട്ടോ കാർ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികൾ രണ്ടു സംഘങ്ങളായി തിരിഞ്ഞായിരുന്നു കവർച്ച. ഒരു സംഘം അകത്തു കടന്നപ്പോൾ മറ്റൊരു സംഘം പുറത്തുനിന്നു. ഇവരുടെ മൊബൈൽ കോളുകൾ ഹാരീസാണു നിയന്ത്രിച്ചത്. കവർച്ച നടക്കുമ്പോൾ അകത്തു കടന്നവരും പുറത്തു നിൽക്കുന്നവരും ഹാരീസിനെ വിവരമറിയിച്ചുകൊണ്ടിരുന്നു.


സംഭവം നടന്ന ദിവസം വൈകുന്നേരം സംഘം ചാവക്കാട്ടെ ഒരു ഹോട്ടലിൽ ഒത്തുചേർന്നത് അവിടുത്തെ സിസി ടിവി കാമറയിൽ പതിഞ്ഞിരുന്നു. ഇതാണു പ്രതികളെക്കുറിച്ചു പോലീസിനു സൂചന ലഭിക്കാൻ ഇടയാക്കിയത്. സംഭവദിവസമായിരുന്നു ഹോട്ടലിൽ കാമറ സ്‌ഥാപിച്ചത്. പറവൂർ പോലീസ് സ്റ്റേഷനിലെ കാമറയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം കടന്നുപോയതും വ്യക്‌തമായിരുന്നു. കൂടാതെ മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിർണായകമായി.

<ആ>പ്രതി മാധ്യമപ്രവർത്തകന്റെ കരണത്തടിച്ചു

പെരുമ്പാവൂർ: വിജിലൻസ് ഉദ്യോഗസ്‌ഥർ ചമഞ്ഞു കവർച്ച നടത്തിയ കേസിലെ പ്രതികളുടെ ചിത്രമെടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ പ്രതി കരണത്തടിച്ചു. പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം.

പ്രതികളെ കോടതിയിലേക്കു കൊണ്ടുപോകാനായി സ്റ്റേഷനിൽനിന്നു പുറത്തിറക്കുമ്പോൾ ചിത്രം എടുക്കാൻ ശ്രമിച്ച തേജസ് ദിനപത്രത്തിന്റെ റിപ്പോർട്ടർ റഷീദ് മല്ലുശേരിക്കാണു അടിയേറ്റത്. പോലീസുകാർ നോക്കിനിൽക്കേ പ്രതികളിലൊരാളായ അബ്ദുൾ ഹാലീം ആണ് ആക്രമിച്ചത്. തീവ്രവാദക്കേസിൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീറിന്റെ കൂട്ടാളിയാണു ഹാലീം. ഹാലീമിന്റേയും മറ്റൊരു പ്രതിയാ യ ഷംനാദിന്റേയും ഓരോ കൈകൾ ചേർത്ത് ഒറ്റ വിലങ്ങാണ് അണിയിച്ചിരുന്നത്.

റിപ്പോർട്ടറെ ആക്രമിച്ചയുടൻ ഹാലീമിനെ പോലീസുകാർ പിടിച്ചുമാറ്റിക്കൊണ്ടുപോകുകയായിരുന്നു. പരാതി ലഭിച്ചാൽ ആക്രമണത്തിനു കേസെടുക്കുമെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.