മന്ത്രിസഭാ യോഗ തീരുമാനങ്ങൾ: കക്ഷിചേരാൻ ചെന്നിത്തലയുടെ ഹർജി
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ: കക്ഷിചേരാൻ ചെന്നിത്തലയുടെ ഹർജി
Thursday, August 25, 2016 12:16 PM IST
കൊച്ചി: മന്ത്രിസഭായോഗ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന സംസ്‌ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരേ സർക്കാർ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഉപഹർജി നൽകി. 2016 ജനുവരി ഒന്നു മുതൽ മാർച്ച് 12 വരെയുള്ള കാലയളവിലെ (കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തെ) മന്ത്രിസഭായോഗ തീരുമാനങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ അഡ്വ. ഡി.ബി. ബിനു നൽകിയ അപേക്ഷ സർക്കാർ നിരസിച്ചിരുന്നു. ഇതിനെതിരേ നൽകിയ അപ്പീലിൽ പത്തു ദിവസത്തിനുള്ളിൽ വിവരങ്ങൾ ലഭ്യമാക്കാൻ മുഖ്യ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു. ഇതിനെതിരേയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

മന്ത്രിസഭായോഗ തീരുമാനങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന സർക്കാരിന്റെ നിലപാട് ജനാധിപത്യ വ്യവസ്‌ഥയ്ക്ക് ഭീഷണിയാണെന്നും ഇരുമ്പുമറയ്ക്കുള്ളിലിരുന്നു ഭരണം നടത്താനുള്ള സർക്കാരിന്റെ ഗൂഢലക്ഷ്യമാണ് ഇതിലൂടെ വ്യക്‌തമാകുന്നതെന്നും ഹർജിയിൽ പറയുന്നു. ജൂലൈ 19 ന് ഈ വിഷയം നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിച്ചപ്പോൾ മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവിൽ കൂടുതൽ വ്യക്‌തത വേണ്ടതിനാൽ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.


എന്നാൽ, ഹർജിയിലെ സർക്കാർ നിലപാട് മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് വിരുദ്ധമാണ്. വ്യക്‌തത വരുത്തുന്നതിനു പകരം മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് ചീഫ് സെക്രട്ടറിയും പൊതുഭരണ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയും ഹർജി നൽകിയത്. ഈ സാഹചര്യത്തിൽ പൊതുസമൂഹത്തിന്റെ താത്പര്യംകൂടി കണക്കിലെടുത്ത് കോടതി ഇടപെടണമെന്നും ചെന്നിത്തലയുടെ ഹർജിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.