അന്യസംസ്‌ഥാന വിദ്യാഭ്യാസ ലോബിയെ സഹായിക്കാൻ ശ്രമമെന്നു രമേശ് ചെന്നിത്തല
അന്യസംസ്‌ഥാന വിദ്യാഭ്യാസ ലോബിയെ സഹായിക്കാൻ ശ്രമമെന്നു രമേശ് ചെന്നിത്തല
Wednesday, August 24, 2016 12:55 PM IST
കൊച്ചി: സ്വാശ്രയ മെഡിക്കൽ, ഡെന്റൽ പ്രവേശനം സങ്കീർണമാക്കി അന്യസംസ്‌ഥാന വിദ്യാഭ്യാസ ലോബികളെ സഹായിക്കുന്ന സമീപനമാണു സംസ്‌ഥാന സർക്കാരിന്റേതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രശ്നം കോടതിയുടെ തീർപ്പിനു വിടാതെ സർക്കാർ പരിഹാരമുണ്ടാക്കുകയാണു വേണ്ടതെന്നും മാധ്യമപ്രവർത്തകരോടു സംസാരിക്കവേ ചെന്നിത്തല പറഞ്ഞു.

സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ടു നീണ്ട നിയമയുദ്ധങ്ങളിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഇതിന്റെ ഉത്തരവാദിത്വം സർക്കാരിനാണ്. ഡെന്റൽ കോളജുകളിൽ ഫീസ് ഏകീകരിച്ച സർക്കാർ തീരുമാനം അടുത്ത ദിവസംതന്നെ സർക്കാരിനു പിൻവലിക്കേണ്ടിവന്നു.

കൂടിയാലോചനകൾക്കു തയാറാവുന്നില്ലെന്നതു സർക്കാരിന്റെ പാപ്പരത്തമാണ്. ചർച്ചകളിലൂടെ സമവായമുണ്ടാക്കുകയാണു വേണ്ടത്. സ്വാശ്രയ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകുന്ന സാഹചര്യമുണ്ടാക്കുന്നതിനൊപ്പം അമിതഫീസ് ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടികളുമാണു വേണ്ടത്.


മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം നല്കുന്നതു സംബന്ധിച്ചു സർക്കാർ ഹൈക്കോടതിയിൽ നല്കിയിരിക്കുന്ന ഹർജിയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ കക്ഷിചേരും. വിവരാവകാശ നിയമത്തിന്റെ അന്തഃസത്ത അട്ടിമറിക്കാനുള്ള ശ്രമമാണു നടത്തുന്നത്.

ശബരിമലയുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണം. ശബരിമലയിലെ സ്ത്രീപ്രവേശന പ്രശ്നം കോടതിയുടെ പരിഗണനയിലാണ്. വിശ്വാസപരമായ വിഷയങ്ങളിൽ ചർച്ചകളിലൂടെ സമവായത്തിലെത്താനാണു ശ്രമിക്കേണ്ടത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ മതേതരവാദിയാണ്.

ശ്രീകൃഷ്ണ ജയന്തിപോലുള്ള ആഘോഷങ്ങളോടുള്ള സിപിഎം നിലപാട് അവരുടെ നയരാഹിത്യവും ആശയപരമായ പാപ്പരത്തവുമാണു പുറത്തുകൊണ്ടുവരുന്നതെന്നും ഇക്കാര്യത്തിൽ അവർ സ്വയം വിലയിരുത്തൽ നടത്തട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.