വാടക നൽകിയില്ലെങ്കിൽ മുറി ഒഴിയണമെന്നു സിബിഐക്കു നോട്ടീസ്
Wednesday, August 24, 2016 12:55 PM IST
തലശേരി: സിബിഐയുടെ കേസുകളുടെ ക്യാമ്പ് ഓഫീസുകളായി പ്രവർത്തിക്കുന്ന സംസ്‌ഥാനത്തെ ഗവ. റെസ്റ്റ് ഹൗസുകളിലെ മുറികൾ ഒഴിയണമെന്ന് ആവശ്യപ്പെട്ടു പൊതുമരാമത്ത് വകുപ്പിന്റെ നോട്ടീസ്. കോട്ടയം, തൃശൂർ, കൊല്ലം, തലശേരി തുടങ്ങി നിരവധി സ്‌ഥലങ്ങളിലെ ഗവ. റെസ്റ്റ് ഹൗസിലെ ക്യാമ്പ് ഓഫീസുകൾ ഒഴിയണമെന്നാവശ്യപ്പെട്ടാണു പൊതുമരാമത്ത് അസി. എൻജിനിയർ സിബിഐക്കു നോട്ടീസ് നൽകിയിട്ടുള്ളത്. ക്യാമ്പ് ഓഫീസ് പ്രവർത്തിക്കുന്ന മുറികളുടെ വാടക അടയ്ക്കാനും അല്ലെങ്കിൽ മുറികൾ ഒഴിയാനും ആവശ്യപ്പെട്ടാണ് നോട്ടീസ്.

വടക്കേ മലബാറിലെ അഞ്ചു കൊലക്കേസുകൾ അന്വേഷിക്കുന്ന സിബിഐ സംഘത്തോട് ഈ കേസുകളുടെ ക്യാമ്പ് ഓഫീസ് പ്രവർത്തിക്കുന്ന തലശേരി ഗവ.റസ്റ്റ് ഹൗസിലെ മുറികളുടെ വാടക അടയ്ക്കാനും അല്ലെങ്കിൽ മുറികൾ ഒഴിയാനും ആവശ്യപ്പെട്ടു കഴിഞ്ഞ എട്ടിനാണു നോട്ടീസ് നൽകിയത്. തലശേരി ഗവ. റെസ്റ്റ് ഹൗസിലെ പുതിയ ബ്ലോക്കിലെ 7, 8, 9 എന്നീ മുറികളുടെ വാടക അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് പൊതുമരാമത്ത് തലശേരി ഓഫീസിലെ അസി. എൻജിനിയർ സിബിഐക്കു നോട്ടീസ് നൽകിയിട്ടുള്ളത്. സിബിഐയുടെ തിരുവനന്തപുരത്തെ ആസ്‌ഥാന ഓഫീസിലേക്കും ഒപ്പം തലശേരി ക്യാമ്പ് ഓഫീസിലേക്കുമാണ് നോട്ടീസ് അയച്ചിട്ടുള്ളത്.

ഉത്തരവിറങ്ങി രണ്ടാഴ്ച പിന്നിട്ടെങ്കിലും സിബിഐ സംഘം ഇതുവരെ വാടക അടയ്ക്കുകയോ മുറി ഒഴിയുകയോ ചെയ്തിട്ടില്ല. 2014 ഓഗസ്റ്റ് 14ലെ സംസ്‌ഥാന സർക്കാർ ഉത്തരവ് പ്രകാരമാണ് സിബിഐ സംഘത്തിനു തലശേരി റെസ്റ്റ് ഹൗസിൽ മൂന്നു മുറികൾ അനുവദിച്ചത്. ഇതുവരെ മുറികൾക്കു വാടക അടച്ചിരുന്നില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെയാണു സിബിഐക്കു സൗജന്യ താമസത്തിനു വിലക്ക് വന്നിട്ടുള്ളത്.

ആർഎസ്എസ് നേതാവ് കതിരൂരിലെ ഇളന്തോട്ടത്തിൽ മനോജ് വധം, പയ്യോളിയിലെ മനോജ് വധം, അരിയിൽ ഷുക്കൂർ വധം, പയ്യന്നൂരിലെ ഹക്കീം വധം, തലശേരി മെയിൻ റോഡിലെ സവിത ജ്വല്ലറി ഉടമ ദിനേശനെ കൊലപ്പെടുത്തിയ കേസ് എന്നിങ്ങനെ അഞ്ചു കൊലക്കേസുകളുടെ അന്വേഷണമാണു തലശേരി കേന്ദ്രീകരിച്ചു സിബിഐ സംഘം നടത്തിവരുന്നത്.


ഇതിൽ ഏറെ രാഷ്ട്രീയപ്രധാന്യമുള്ള മനോജ് വധക്കേസുമായി ബന്ധപ്പെട്ടു സിപിഎമ്മിന്റെ പ്രമുഖരായ നേതാക്കളെയെല്ലാം ചോദ്യംചെയ്തതും തലശേരി റെസ്റ്റ് ഹൗസിലെ ക്യാമ്പ് ഓഫീസിലായിരുന്നു. ഇവിടെയാണു പ്രതികളെ ചോദ്യംചെയ്തതും സാക്ഷിമൊഴികൾ രേഖപ്പെടുത്തിയതും. മനോജ് വധക്കേസിലെ ആദ്യഘട്ട കുറ്റപത്രം തയാറാക്കിയതും ഇവിടെവച്ചായിരുന്നു. തുടർന്ന് ഗൂഢാലോചന സംബന്ധിച്ച അന്വേഷണം നടക്കുകയും സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ കീഴടങ്ങൽ ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾക്കും ഈ ക്യാമ്പ് ഓഫീസായിരുന്നു പ്രധാനവേദിയായി മാറിയിരുന്നത്. മനോജ് വധക്കേസിൽ മാത്രമാണ് ആദ്യഘട്ട അന്വേഷണം പൂർത്തിയായിട്ടുള്ളത്. മറ്റു കേസുകളുടെയെല്ലാം അന്വേഷണം പ്രാഥമിക ഘട്ടങ്ങളിലോ പാതിവഴികളിലോ ആണുള്ളത്.

ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള കേസുകളും കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ ശിപാർശ ചെയ്ത കേസുകളുമാണ് സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള കേസന്വേഷണങ്ങൾക്കായി എത്തുന്ന സിബിഐ സംഘത്തിനു താമസമുൾപ്പെടെയുള്ള അടിസ്‌ഥാന സൗകര്യങ്ങൾ സൗജന്യമായി നൽകാൻ കഴിഞ്ഞ യുഡിഎഫ് സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് സംസ്‌ഥാനത്തെ റെസ്റ്റ്ഹൗസുകളിൽ സിബിഐക്കു സൗജന്യ താമസം നൽകിവന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കഴിഞ്ഞ മാസം വകുപ്പുമന്ത്രി വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണു സിബിഐ യുടെ സൗജന്യ താമസത്തിന് അനുമതി നിഷേധിക്കാനുള്ള തീരുമാനമുണ്ടായത്. സംസ്‌ഥാന സർക്കാരിന്റെ പുതിയ തീരുമാന പ്രകാരം ലക്ഷക്കണക്കിന് രൂപയാണു സിബിഐ മുറിവാടക ഇനത്തിൽ സംസ്‌ഥാന സർക്കാരിലേക്ക് അടയ്ക്കേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.