ഇരട്ടപ്പാതയിൽ സുരക്ഷാ പരിശോധന ഇന്നു മുതൽ
Wednesday, August 24, 2016 12:45 PM IST
തിരുവല്ല: എറണാകുളം – കോട്ടയം – കായംകുളം റെയിൽപ്പാതയിൽ നിർമാണം പൂർത്തിയായ ഇരട്ടപ്പാതയുടെ സുരക്ഷാ പരിശോധന ഇന്നും നാളെയുമായി നടക്കും. കമ്മീഷൻ ഓഫ് റെയിൽവേ സേഫ്റ്റി (സിആർഎസ്)യുടെ നേതൃത്വത്തിലാണ് പരിശോധന.

പിറവം റോഡ് – കുറുപ്പന്തറ, ചെങ്ങന്നൂർ– തിരുവല്ല പാതകളാണ് നിർമാണം പൂർത്തിയായിരിക്കുന്നത്. ഇതോടെ എറണാകുളത്തുനിന്നു കുറുപ്പന്തറ വരെയും കായംകുളത്തുനിന്നു തിരുവല്ല വരെയും ഇരട്ടപ്പാതകൾ നിലവിൽ വരികയാണ്. നിർമാണം പൂർത്തിയായ പാതയിൽ റെയിൽവേ ഡീസൽ, വൈദ്യുതി എൻജിനുകൾ പരീക്ഷണഓട്ടം നടത്തിയിരുന്നു. ഇതു വിജയകരമായതിനേത്തുടർന്നാണ് സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പരിശോധന നടക്കുന്നത്. കമ്മീഷൻ പരിശോധനയ്ക്കു ശേഷം യാത്രാവണ്ടികൾ ഓടിക്കുന്ന തീയതി തീരുമാനിക്കും. പിറംവ റോഡ് – കുറുപ്പന്തറ 13 കിലോമീറ്ററും ചെങ്ങന്നൂർ – തിരുവല്ല ഒമ്പത് കിലോമീറ്ററുമാണു കമ്മീഷൻ ചെയ്യാനൊരുങ്ങുന്നത്. ഇതോടെ 114 കിലോമീറ്റർ ദൈർഘ്യമുള്ള കോട്ടയം വഴിയുള്ള എറണാകുളം– കായംകുളം പാതയിൽ 71 കിലോമീറ്റർ ഇരട്ടപ്പാതയാകും. കുറുപ്പന്തറ മുതൽ തിരുവല്ലവരെ 43 കിലോമീറ്റർ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളാണ് ഇനി പൂർത്തിയാകാനുള്ളത്. നിശ്ചയിച്ചിരുന്ന സമയത്തിലും നാലുമാസത്തോളം വൈകിയാണു നിലവിൽ ഇരട്ടപ്പാത കമ്മീഷൻ ചെയ്യുന്നത്. പുതിയ പാത വരുന്നതോടെ യാത്രാവണ്ടികൾക്ക് അര മണിക്കൂറോളം ലാഭമുണ്ടാകുമെന്നു കണക്കാക്കുന്നു. പരിശോധന നടക്കുന്നതിനാൽ പാതയുടെ വശങ്ങളിലെ താമസക്കാർ ജാഗ്രത പാലിക്കണമെന്നു റെയിൽവേ നിർദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.