ഹജ്‌ജ് സബ്സിഡി ഔദാര്യമല്ല: ഉമ്മൻ ചാണ്ടി
ഹജ്‌ജ് സബ്സിഡി ഔദാര്യമല്ല: ഉമ്മൻ ചാണ്ടി
Wednesday, August 24, 2016 12:30 PM IST
നെടുമ്പാശേരി: ഹജ്‌ജ് സബ്സിഡിയെ സംബന്ധിച്ച കേന്ദ്ര–സംസ്‌ഥാന സർക്കാരുകളുടെ നിലപാടുകളോടു യോജിക്കാനാവില്ലെന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നെടുമ്പാശേരി ഹജ്‌ജ് ക്യാമ്പ് സന്ദർശിച്ച ശേഷം വാർത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്‌ജ് സബ്സിഡി ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

സുപ്രീംകോടതി വിധിയുടെ അടിസ്‌ഥാനത്തിൽ സബ്സിഡി വർഷംതോറും കേന്ദ്ര സർക്കാർ കുറയ്ക്കുന്നതിനാൽ ഹജ്‌ജ് സബ്സിഡി പൂർണമായും വേണ്ടെന്നു വയ്ക്കണമെന്നും മുസ്ലിം സംഘടനകൾ ഇതുസംബന്ധിച്ച് ആലോചിക്കണമെന്നുമുള്ള മന്ത്രി കെ.ടി. ജലീലിന്റെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

ഹജ്‌ജ് സബ്സിഡി ആരുടെയും ഔദാര്യമല്ല, സ്വതന്ത്ര ഭാരതം എടുക്കുന്ന ഓരോ നിലപാടും ലോകരാജ്യങ്ങൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ന്യൂനപക്ഷ മതവിഭാഗങ്ങളോടുള്ള ഇത്തരം സമീപനത്തിന്റെ ഉദാഹരണമായി ഹജ്‌ജ് സബ്സിഡി വിലയിരുത്തിയിരുന്നു.


മതേതരത്വമെന്നതുകൊണ്ട് മതമില്ലാത്ത രാജ്യമെന്ന് അർഥമാക്കുന്നില്ല. എല്ലാ മതങ്ങൾക്കും പ്രവർത്തന സ്വാതന്ത്ര്യമുണ്ട്. മതവിശ്വാസമില്ലാത്തവർക്ക് അവരുടെ ആശയങ്ങളും പ്രചരിപ്പിക്കാം. ഹജ്‌ജ് സബ്സിഡി ഒഴിവാക്കുന്നതിനു പകരം സബ്സിഡിക്കു പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ദേശീയതലത്തിൽ ചർച്ച ചെയ്യാമെന്ന് ഉമ്മൻ ചാണ്ടി നിർദേശിച്ചു. ശബരിമല ഉൾപ്പെടെ വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട അടിസ്‌ഥാന സൗകര്യങ്ങൾക്ക് സർക്കാർ പണം ചെലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. എംഎൽഎമാരായ വി.പി.സജീന്ദ്രൻ, അൻവർ സാദത്ത്, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് എന്നിവരും ഉമ്മൻ ചാണ്ടിയോടൊപ്പമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.