തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ പദ്ധതി
തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ പദ്ധതി
Tuesday, August 23, 2016 1:33 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി വെറ്ററിനറി ഡോക്ടർമാരുടെ സേവനം സർക്കാർ തേടുമെന്നു തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു.

അവസാന വർഷ വെറ്ററിനറി വിദ്യാർഥികളെയാണ് ഇതിനായി ഉപയോഗിക്കുക. ഇവർക്കു സ്റ്റൈപ്പൻഡ് നൽകും. സർവീസിൽ നിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരുടെ സഹായവും അഭ്യർഥിക്കും. ചെറിയൊരു കാലയളവുകൊണ്ടു പരിഹരിക്കാൻ കഴിയുന്നതല്ല തെരുവുനായ്ക്കളുടെ വിഷയമെന്നും മൂന്നു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിക്കാണു സംസ്‌ഥാന സർക്കാർ തുടക്കം കുറിച്ചിരിക്കുന്നതെന്നും മന്ത്രി ജലീൽ പറഞ്ഞു.

തെരുവുനായ്ക്കൾ പെരുകാൻ മാലിന്യം ഒരു പ്രധാന കാരണമാണ്. ഹോട്ടലുകളിൽ നിന്നും മറ്റുമുള്ള ഇറച്ചിമാലിന്യം വലിയ വിപത്തായി മാറിയിട്ടുണ്ട്.


ഹോട്ടലുകൾക്ക് ഇനി മുതൽ ലൈസൻസ് നൽകണമെങ്കിൽ മാലിന്യം സംസ്കരിക്കാനുള്ള സ്‌ഥലവും അവർ തന്നെ കണ്ടെ ത്തണം. അല്ലാതെ വേറെ മാർഗമില്ല. കേന്ദ്രീകൃത മാലിന്യസംസ്കരണം ഇനി കേരളത്തിൽ അപ്രായോഗികമാണ്.

ജപ്പാനിലുള്ള ചില സ്വകാര്യ കമ്പനികൾ കേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതികളുമായി സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും ബോധ്യപ്പെട്ടാൽ നടപ്പാക്കാൻ ശ്രമിക്കുമെന്നും ജലീൽ പറഞ്ഞു.

തിരുവനന്തപുരം മേയർ അഡ്വ.വി.കെ. പ്രശാന്തും തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.