മതം മാറിയ മകൾ തീവ്രവാദ സംഘടനയിൽ ചേർന്നേക്കുമെന്നു പിതാവ്
Tuesday, August 23, 2016 1:33 PM IST
കൊച്ചി: മതം മാറിയ മകൾ തീവ്രവാദ സംഘടനയിൽ ചേരാൻ സിറിയയിലേക്കു പോകാനിടയുണ്ടെന്നു ചൂണ്ടിക്കാട്ടി പിതാവ് നൽകിയ ഹർജിയിൽ യുവതിയായ മകൾക്കു പാസ്പോർട്ട് ഉണ്ടോയെന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിച്ചു പെരിന്തൽമണ്ണ ഡിവൈഎസ്പി പത്തു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചു.

ഇന്നലെ ഹർജി പരിഗണിക്കവേ സഹായിയായ മലപ്പുറം കോട്ടയ്ക്കൽ സ്വദേശിനിക്കൊപ്പം ഹൈക്കോടതിയിലെത്തിയ യുവതി മാതാപിതാക്കളോടൊപ്പം പോകില്ലെന്നു വ്യക്‌തമാക്കിയെങ്കിലും സഹായിക്കൊപ്പം വിടാൻ ഹൈക്കോടതി തയാറായില്ല. യുവതിയെ കഴിഞ്ഞ ഒരുമാസമായി കാണാനില്ലായിരുന്നുവെന്ന പോലീസ് റിപ്പോർട്ട് കണക്കിലെടുത്ത ഡിവിഷൻ ബെഞ്ച് യുവതിയെ എറണാകുളം എസ്എൻവി സദനം ഹോസ്റ്റലിൽ പാർപ്പിക്കാനും സെപ്റ്റംബർ ഒന്നിനു വീണ്ടും ഹാജരാക്കാനും നിർദേശിച്ചു.

മാതാപിതാക്കളല്ലാതെ മറ്റാരും യുവതിയെ സന്ദർശിക്കാൻ പാടില്ലെന്നും യുവതി മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. സേലത്ത് ഹോമിയോ കോളജിൽ ഹൗസ്സർജൻസിക്കു പഠിച്ചിരുന്ന യുവതി ഹോസ്റ്റലിലെ കൂട്ടുകാരികളുടെ പ്രേരണയിലാണു മതം മാറിയതെന്നു കോട്ടയം ജില്ലക്കാരനായ പിതാവ് ഹർജിയിൽ ആരോപിച്ചിരുന്നു.


മഞ്ചേരിയിൽ വച്ചു മതം മാറിയ യുവതി പിന്നീട് മാതാപിതാക്കളെ ഫോണിൽ വിളിച്ചു അവരോടും മതം മാറാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ ഫോൺ സംഭാഷണത്തിനിടെ സിറിയയിലേക്കു പോകാൻ തനിക്കു പദ്ധതിയുണ്ടെന്നും പറഞ്ഞിരുന്നു. ഇതാണു മകൾ തീവ്രവാദസംഘടനയിൽ ചേർന്നേക്കുമെന്ന ആശങ്കയ്ക്കു കാരണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ ഹൈക്കോടതിയിൽ എത്തിയ യുവതി കോടതിയുടെ സാന്നിധ്യത്തിൽ മാതാപിതാക്കളുമായി സംസാരിച്ചശേഷവും അവർക്കൊപ്പം പോകാനാവില്ലെന്ന നിലപാടാണു സ്വീകരിച്ചത്. തുടർന്നാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും മുമ്പ് വിശദമായ അന്വേഷണ റിപ്പോർട്ട് നൽകാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.