എൻജിനിയറിംഗ് കോളജുകളെ ബന്ധിപ്പിച്ച് 150 കോടിയുടെ ടെലിപ്രസൻസ് സംവിധാനം
Tuesday, August 23, 2016 12:47 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ എൻജിനിയറിംഗ് കോളജുകളേയും വിദേശ സർവകലാശാലകളേയും ബന്ധിപ്പിക്കുന്ന ടെലി പ്രസൻസ് നെറ്റ്വർക്കിംഗ് സംവിധാനം ആരംഭിക്കാൻ 150 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റാർട്ട്അപ് മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഐഇഡിസി സമ്മിറ്റ്– 2016 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ടെലിപ്രസൻസ് നെറ്റ്വർക്കിംഗ് സംവിധാനം നടപ്പാക്കുന്നതോടെ എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾക്കു സംസ്‌ഥാനത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുമായി ഓൺലൈനായി ആശയ വിനിമയം നടത്താനുള്ള അവസരം ലഭിക്കും. രാജ്യാന്തര നിലവാരമുള്ള കോഴ്സുകൾ നമ്മുടെ സർവകലാശാലകളിൽ ആരംഭിക്കാനും ഇതുവഴി സാധിക്കും. വിവിധ വിഷയങ്ങളിലെ വിദഗ്ധർക്ക് ഇവിടെ എത്താതെ വിദേശ സർവകലാശാലകളിരുന്നു കേരളത്തിലെ വിദ്യാർഥികളുമായി ആശയ വിനിമയം നടത്താൻ സാധിക്കും. നമ്മുടെ വിദ്യാർഥികൾക്കു പഠനകാലത്തു തന്നെ ആധുനിക സാങ്കേതികവിദ്യയുടെ നൂതന മാർഗങ്ങൾ കണ്ടെത്താൻ ഇതിലൂടെ കഴിയും.


ഇതോടൊപ്പം ഐടി മേഖലയിലെ തൊഴിൽ സ്‌ഥിരത ഉറപ്പു വരുത്താനുള്ള മാർഗങ്ങളും സർക്കാർ ആരായുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ സെഷനുകളിലായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ. പ്രശാന്ത്, ഐടി സെക്രട്ടറി എം. ശിവശങ്കർ, ഡോ. എ. വേലുമണി, അഫ്സൽ സാലു, വി.കെ. മാത്യൂസ്, അയ്യപ്പൻ അശോകൻ, പി.സി. മുസ്തഫ, അശുതോഷ്കുമാർ, സുഹാനി മോഹൻ, അനൂപ് പി. അംബിക, ഷെറിൻ സാം ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.