മെഡിക്കൽ പ്രവേശനം: സർക്കാർ സമവായ സാധ്യത ആരായുന്നു
മെഡിക്കൽ പ്രവേശനം: സർക്കാർ സമവായ സാധ്യത ആരായുന്നു
Monday, August 22, 2016 1:36 PM IST
തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളടക്കം മുഴുവൻ സീറ്റുകളും പിടിച്ചെടുത്തു പ്രവേശന നടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനം സർക്കാരിനു കീറാമുട്ടിയാകുന്നു. നയത്തിൽ ഉറച്ചു നിൽക്കുമ്പോഴും ഏകീകൃത ഫീസ് കൊണ്ടുവരുന്നതു മെരിറ്റിൽ പ്രവേശനം നേടുന്ന നിർധന വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുമെന്നതു വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലേക്കു സർക്കാർ എത്തിച്ചേർന്നതായാണു സൂചന.

പ്രവേശന നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനായി ഇന്നലെ ചേരാനിരുന്ന ജയിംസ് കമ്മിറ്റി യോഗം അവസാനനിമിഷം മാറ്റിവച്ചു. മാനേജ്മെന്റുകളുടെ നിലപാട് എന്താണെന്ന് അറിഞ്ഞശേഷം അടുത്ത നടപടികളിലേക്കു കടക്കാമെന്ന ധാരണയിലാണ് മാറ്റിയത്. പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ വിവിധ വശങ്ങൾ കൂടുതൽ പഠിച്ച് റിപ്പോർട്ട് നൽകാൻ ജയിംസ് കമ്മിറ്റിയിലെ അംഗങ്ങൾക്ക് നിർദേശം നൽകിയതായും അറിയുന്നു. ജയിംസ് കമ്മിറ്റി യോഗം എന്നു നടക്കുമെന്ന പ്രഖ്യാപനം ഇന്നുണ്ടായേക്കും.


പ്രവേശനം സംബന്ധിച്ച് സർക്കാർ ഒരു സമവായ സാധ്യത ആരായുന്നതായാണ് വിവരം. മാനേജ്മെന്റുകൾ ചർച്ചയ്ക്ക് തയാറാണെങ്കിൽ സർക്കാരും ചർച്ചയ്ക്കു തയാറാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.