ഇടതുപക്ഷത്തെ വിശ്വാസികളിൽനിന്ന് അകറ്റാൻ ശ്രമമെന്നു മുഖ്യമന്ത്രി
ഇടതുപക്ഷത്തെ വിശ്വാസികളിൽനിന്ന് അകറ്റാൻ ശ്രമമെന്നു മുഖ്യമന്ത്രി
Monday, August 22, 2016 1:36 PM IST
തിരുവനന്തപുരം: ശബരിമല വിഷയത്തിലെ നിലപാടിനു വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്തെ വിശ്വാസികളിൽനിന്ന് അകറ്റാനുള്ള ശ്രമങ്ങൾ എക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും ആരാധനാലയങ്ങൾ പൊളിക്കാൻ നടക്കുന്നവർ എന്ന പ്രചാരണമാണ് കമ്യൂണിസ്റ്റ് പാർട്ടിയെ മുളയിലേ നുള്ളിക്കളയാൻ കൊതിച്ച ശത്രുക്കൾ നടത്തിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിച്ചു.

അത്തരം പ്രചാരണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണു നാനാജാതി മതങ്ങളിലും പെട്ടവരും ജാതിമത പരിഗണനകൾ ഇല്ലാത്തവരും ദൈവവിശ്വാസികളും അല്ലാത്തവരുമായ ബഹുജനങ്ങൾ കമ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിൽ പ്രതീക്ഷയും വിശ്വാസവും അർപ്പിക്കുന്നത്.

ശബരിമലയിലെ തീർഥാടന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലും ഹജ് തീർഥാടകർക്ക് സഹായം നൽകുന്ന സംരംഭത്തിലും ഒരേ മനസോടെ ഞങ്ങൾക്ക് മുഴുകാൻ കഴിയുന്നത്, മതത്തിന്റെയോ ജാതിയുടെയോ പരിമിതികൾക്കപ്പുറം മനുഷ്യനെ കാണാൻ കഴിയുന്നതു കൊ ണ്ടാണ്.

ഹാജിമാർക്കും കൂടെ വരുന്നവർക്കുമായി 1600 പേർക്ക് ഒരുസമയം താമസിക്കാനുള്ള ഹജ് ക്യാമ്പ് നെടുമ്പാശേരിയിൽ ഉദ്ഘാടനം ചെയ്തത് അത്യധികം സന്തോഷത്തോടെയാണ്. കേരളത്തിൽ നിന്ന് ഈ വർഷം ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ സർക്കാർ ക്വോട്ടയിൽ പോവുകയാണ്. 11000 പേർ കേരളത്തിൽ നിന്ന് ഹജ്‌ജ് അനുഷ്ഠിക്കും. യുപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹാജിമാർ പോകുന്ന ഇന്ത്യയിലെ സംസ്‌ഥാനമാണ് കേരളം. കേരളത്തിൽ നിന്ന് 4847 പേർക്കാണ് ക്വോട്ട അനുവദിച്ചത്. ക്വോട്ടയിൽ കവിഞ്ഞ് മറ്റുള്ളവർക്കു കൂടി സൗകര്യമൊരുക്കാൻ സംസ്‌ഥാന സർക്കാരും ഹജ്‌ജ് കമ്മിറ്റിയും സമയബന്ധിതമായി ഇടപെട്ടതിന്റെ ഫലമാണ് ഇത്രയും പേർക്ക് അനുവാദം കിട്ടിയത്.


ഹജ്‌ജിന് പോകുന്നവർക്കായി സൗകര്യം ഒരുക്കുന്നതിൽ കേരളം മാതൃകയാണ്. ഹജ് ക്യാമ്പും വോളണ്ടിയർമാരും പ്രതിഫലേച്ഛയില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇക്കാര്യത്തിൽ കേരള മോഡൽ പിന്തുടരണമെന്നാണ് കേന്ദ്ര ഹജ് കമ്മിറ്റിയും സൗദി കോൺസുലേറ്റും മറ്റു സംസ്‌ഥാനങ്ങളോട് ആവശ്യപ്പെടുന്നത്. ഹാജിമാർ പോയി വരുന്നതു വരെയുള്ള അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സംസ്‌ഥാന സർക്കാർ പ്രതിജ്‌ഞാബദ്ധമാണ്. ഹജ് ക്യാമ്പിനും വേണ്ട സൗകര്യമൊരുക്കാൻ സിയാലിനു സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി പണം ചെലവഴിക്കാനും അനുമതി നൽകിയിട്ടുണ്ടെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സാധാരണ ക്ഷേത്രങ്ങൾ പോലെ ശബരിമലയിലും വർഷത്തിലും മുഴുവൻ ദിവസങ്ങളും ദർശനത്തിന് തുറന്നുകൊടുക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ നിരവധി കോണുകളിൽ നിന്ന് എതിർപ്പുകൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.