ആചാരാനുഷ്ഠാനങ്ങളിൽ സർക്കാർ കൈകടത്തേണ്ട: ഉമ്മൻ ചാണ്ടി
ആചാരാനുഷ്ഠാനങ്ങളിൽ സർക്കാർ കൈകടത്തേണ്ട: ഉമ്മൻ ചാണ്ടി
Monday, August 22, 2016 1:31 PM IST
കോഴിക്കോട്: ശബരിമലയിലെ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ സംസ്‌ഥാന സർക്കാർ ഇടപെടുന്നതു ശരിയല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിശ്വാസവുമായി ബന്ധപ്പെട്ട ആചാരനുഷ്ഠാനങ്ങളിൽ എൽഡിഎഫ് സർക്കാർ കൈകടത്തരുതെന്നും ശബരിമല വിഷയത്തിൽ വിവാദങ്ങൾ സൃഷ്‌ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തവേ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈന്ദവ ആചാരങ്ങളുടെ കാര്യത്തിൽ മാത്രമാണ് സർക്കാർ ഇടപെടുന്നതെന്നും അർഹതപ്പെട്ടവർ അർഹമായ വേദികളിൽ ഇരുന്നാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഓരോ ക്ഷേത്രത്തിലും ചരിത്രപരമായ നിലപാടുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരസ്പരം ചർച്ച ചെയ്തു പരിഹരിക്കാൻ പറ്റാത്തത്ര ഒരു പ്രശ്നവും കോൺഗ്രസിലും യുഡിഎഫിലുമില്ല. മുന്നണി വിട്ടുപോകുന്നതിനു മുമ്പ് ഔദ്യോഗികമായി ഒരു പരാതിയും കേരള കോൺഗ്രസ്–എം യുഡിഎഫിൽ ഉന്നയിച്ചിരുന്നില്ല. ജനാധിപത്യ ശക്‌തികൾ ഒരുമിച്ചു പ്രവർത്തിക്കണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. കോൺഗ്രസിലെ സമുന്നത നേതാവായ എ.കെ. ആന്റണിയുടെ നിർദേശങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ആന്റണിയുടെ അഭിപ്രായത്തിന് മറുപടിയായി താൻ എന്തെങ്കിലും പറയുന്നതു ശരിയല്ല. പാർട്ടിയിലെ പുനഃസംഘടനയടക്കമുള്ള എല്ലാ കാര്യങ്ങളിലും അവസാന തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്.


മുന്നണിയിലെ കക്ഷികളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവുമ്പോൾ കോൺഗ്രസ് അതിലിടപെട്ട് പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നതുപോലെ മറ്റു ഘടകകക്ഷികൾക്കും കോൺഗ്രസിനെ സംബന്ധിച്ച് അഭിപ്രായപ്രകടനം നടത്താൻ അവകാശമുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാനാണ്, മറിച്ച് വഷളാക്കാനല്ല യുഡിഎഫിൽ കക്ഷികൾ പരസ്പരം ഇടപെടുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.