സ്വാശ്രയ മെഡിക്കൽ: ഉത്തരവ് പിൻവലിക്കാതെ ചർച്ചയില്ല
Monday, August 22, 2016 1:31 PM IST
നെടുമ്പാശേരി: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളടക്കം മുഴുവൻ സീറ്റും പിടിച്ചെടുത്ത സർക്കാർ നടപടി പിൻവലിക്കാതെ ഒരു ചർച്ചയ്ക്കും തയാറല്ലെന്നു കേരള പ്രൈവറ്റ് മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്. അഡ്മിഷൻ നടപടികളുമായി മുന്നോട്ടു പോകും. സർക്കാർ ഉത്തരവിനെതിരേ ഇന്നു കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അത്താണി എയർലിങ്ക് കാസിൽ ഹോട്ടലിൽ ഇന്നലെ നടന്ന മാനേജ്മെന്റ് യോഗത്തിനുശേഷം പത്രലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ചിട്ടാണു മാനേജ്മെന്റ് അസോസിയേഷൻ ഐകകണ്ഠ്യേന തീരുമാനമെടുത്തത്. അസോസിയേഷനു പുറമെ ഓരോ കോളജും ഒറ്റയ്ക്കും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും കൃഷ്ണദാസ് പറഞ്ഞു. സർക്കാരുമായി ഒരു തർക്കത്തിനും തങ്ങളില്ല. മുൻവർഷങ്ങളിൽ ലഭിച്ചിരുന്ന 50 ശതമാനം സീറ്റെന്ന ആവശ്യമാണു പ്രധാനമായും ഉന്നയിക്കുന്നത്. നൂറു ശതമാനം സീറ്റുകളും സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ മെഡിക്കൽ കോളജ് സർക്കാരിനു വിട്ടുനൽകാൻ തയാറാണ്. ഞങ്ങൾക്കു 15 ശതമാനം മാത്രം സീറ്റ് നൽകിയാൽ മതി. കോളജിന്റെ മുഴുവൻ ചെലവുകളും ജീവനക്കാരുടെ ശമ്പളവും സർക്കാർ വഹിക്കണം.

മുന്നൂറു മുതൽ അറുനൂറു കോടി രൂപ വരെ മുടക്കിയാണ് ഓരോ കോളജും നിർമിച്ചിരിക്കുന്നത്. സർക്കാരിനു കോളജുകൾ തുടങ്ങാൻ പണമില്ല. സ്വകാര്യമേഖല ഇത്രയും പണം മുടക്കുമ്പോൾ അതിന്റേതായ പിന്തുണ നൽകേണ്ടതു സർക്കാരിന്റെ കടമയാണ്. ഒരു വിദ്യാർഥിക്കു 12 മുതൽ 18 ലക്ഷം വരെ ചെലവിടുന്നുണ്ട്. പ്രതിമാസം 25,000 രൂപയ്ക്കാണ് ഇവരെ പഠിപ്പിക്കുന്നത്. ആയിരക്കണക്കിനു രോഗികളെ സൗജന്യമായി ചികിത്സിക്കുന്നു. ഇതെല്ലാം സാമൂഹ്യനീതിയുടെ ഭാഗമായി ചെയ്യുന്നതാണ്.

മാനേജ്മെന്റ് സീറ്റുകൾ സർക്കാർ പിടിച്ചെടുത്ത നടപടി കേരളത്തിൽ മാത്രമാണ്. തമിഴ്നാട്ടിലോ ആന്ധ്രയിലോ കർണാടകത്തിലോ ഇത്തരം തീരുമാനങ്ങളൊന്നുമില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു ജയിംസ് കമ്മിറ്റി സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ജയിംസ് കമ്മിറ്റിയുടെ തെറ്റായ ഈ നിർദേശം പിൻവലിക്കണം. കേരളത്തിൽ 22 സ്വാശ്രയ കോളജുകൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാരിനു കിട്ടിക്കൊണ്ടിരിക്കുന്ന സീറ്റ് നഷ്‌ടപ്പെടുന്ന ഒരവസ്‌ഥയിലേക്കു കാര്യങ്ങൾ എത്തിയിരിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു.


നീറ്റിന്റെ അടിസ്‌ഥാനത്തിൽ മോണിറ്റർ ചെയ്താണു അഡ്മിഷൻ നൽകുന്നത്. കോളജിലെ ന്യായമായ വരവുചെലവ് നോക്കി വിദ്യാർഥിയെ പഠിപ്പിക്കാൻ അവസരമുണ്ടാകണം. അറുനൂറു കോടിയോളം മുടക്കി കോളജ് തുടങ്ങിയവർക്ക് എന്തു സംരക്ഷണമാണു സർക്കാർ കൊടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

നീറ്റിന്റെ ലിസ്റ്റിൽനിന്നു തന്നെ ഓൺലൈനായി മാനേജ്മെന്റ് സീറ്റിൽ സെലക്ഷൻ നടത്തുമെന്നു ഞങ്ങൾ ഉറപ്പുനൽകുകയാണ്. കോമൺ റിസർവേഷൻ പോളിസി അനുസരിച്ചു കുട്ടികളെ എടുക്കാൻ കഴിയണം. കേരളത്തിലെ എയ്ഡഡ് കോളജുകളിൽ അധ്യാപകർക്കു സർക്കാർ ശമ്പളം നൽകുന്നുണ്ട്. അവിടെ 20 ശതമാനം സീറ്റ് മാനേജ്മെന്റിനു നൽകുന്നുണ്ട് എന്നുള്ളതു സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചവർ വിസ്മരിക്കുന്നു.

രണ്ടു രീതിയിലുള്ള സമീപനം നീതിക്കു നിരക്കാത്തതാണ്. ശമ്പളവും മറ്റു ചെലവുകളും സർക്കാർ വഹിക്കുന്ന എയ്ഡഡ് കോളജിനു ലഭിക്കുന്ന പരിഗണന പോലും മെഡിക്കൽ കോളജുകൾക്കു നൽകുന്നില്ലെന്നതു ചിന്തിക്കേണ്ടതാണെന്നും കൃഷ്ണദാസ് പറഞ്ഞു. ഭാരവാഹികളായ ഏബ്രഹാം കലിമണ്ണിൽ, ഫാ. സിജോ പന്തപ്പിള്ളിൽ, ഫാ. ടി. ദേവപ്രസാദ്, കെ.എം. മൂസ, ഡോ. ആഷിം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.