ബിരുദാനന്തര ബിരുദം വരെ എൻഎസ്എസ് സംഭാവന വാങ്ങാറില്ല: പി.എൻ. നരേന്ദ്രനാഥൻനായർ
Monday, August 22, 2016 1:13 PM IST
ചേർത്തല: പ്ലസ്വൺ മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകളിലെ പ്രവേശനത്തിന് എൻഎസ്എസിന്റെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ സംഭാവന വാങ്ങാറേയില്ലെന്ന് പ്രസിഡന്റ് അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായർ.

ചേർത്തല ടൗൺ എൻഎസ്എസ് കരയോഗത്തിന്റെ എൻഎസ്എസ് ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെ സംഭാവന വാങ്ങാത്തതിനാൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ഭൗതികസാഹചര്യങ്ങളും സൗകര്യങ്ങളും നിലനിർത്താനും മെച്ചപ്പെടുത്താനും എൻഎസ്എസ് ഏറെ കഷ്‌ടപ്പെടുന്നു. ഏതു വിധേനയും അവയൊക്കെ നടപ്പാക്കുകയാണ്. എൻഎസ്എസിനേയും നായർ സമുദായത്തേയും സഹായിക്കാനായി ആരും തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള സംവരണ വ്യവസ്‌ഥ കാരണം നായർ സമുദായമാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഏതു സമുദായത്തിലായാലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സംവരണത്തിന്റെ പരിധിയിലാക്കണമെന്ന എൻഎസ്എസിന്റെ ആവശ്യം പരിഗണിക്കാൻ ഒരു സർക്കാരുകളും തയാറാകുന്നില്ല. മതേതരത്വവും ജനാധിപത്യവും സാമൂഹ്യനീതിയും എന്നും നിലനിൽക്കാനാണ് എൻഎസ്എസ്. ശ്രമിക്കുന്നത്. എൻഎസ്എസിന്റെ നിലപാടുകളും സമീപനവും എന്നും പ്രശ്നാധിഷ്ഠിതമാണ്. അതിൽ യാതൊരു രാഷ്ര്‌ടീയ ചേരിതിരിവുമില്ലെന്നും അദ്ദേഹം പറഞ്ഞു.


ടൗൺ കരയോഗം പ്രസിഡന്റ് ജി. ശശിധരൻ നായർ അധ്യക്ഷനായി. സമുദായാചാര്യന്റെ ഛായാചിത്രം ചേർത്തല താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് കെ. പങ്കജാക്ഷപ്പണിക്കർ അനാച്ഛാദനം ചെയ്തു. ചേർത്തല നഗരസഭ ചെയർമാൻ ഐസക് മാടവന, ചേർത്തല താലൂക്ക്എൻഎസ്എസ് യൂണിയൻ സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ നായർ, നഗരസഭ വൈസ് ചെയർമാൻ ശ്രീലേഖ നായർ, കൗൺസിലർ ഡി. ജ്യോതിഷ്, ജെ. സരോജിനിയമ്മ, കെ. ബാലമുരളി, കെ.എസ് സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.