എടിഎം തട്ടിപ്പ് വീണ്ടും; കാലിക്കട്ട് സർവകലാശാലാ ജീവനക്കാർക്ക് പണം നഷ്ടമായി
എടിഎം തട്ടിപ്പ് വീണ്ടും; കാലിക്കട്ട് സർവകലാശാലാ ജീവനക്കാർക്ക് പണം നഷ്ടമായി
Monday, August 22, 2016 1:13 PM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല ജീവനക്കാരുടെ പതിനായിരക്കണക്കിനു രൂപ എടിഎം തട്ടിപ്പിലൂടെ കവർന്നു. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീറിന്റെ പഴ്സണൽ സ്റ്റാഫ് അംഗം ദാമോദരൻ, ഇദ്ദേഹത്തിന്റെ ഭാര്യയും ജീവനക്കാരിയുമായ ഷീജ, ഭരണവിഭാഗം ഓഫീസ് സൂപ്രണ്ട് എം.പി. ഷെറീന എന്നിവരുടെ പണമാണ് നഷ്‌ടപ്പെട്ടത്.

ദാമോദരന്റെ അക്കൗണ്ടിൽ നിന്നു 997 രൂപയും ഭാര്യയുടെ അക്കൗണ്ടിൽ നിന്നു 19,900 രൂപയുമാണ് നഷ്‌ടപ്പെട്ടത്. ഷെറീനയുടെ 49,000 രൂപ ഓൺലൈൻ തട്ടിപ്പിലൂടെ കവർന്നു. സംഭവത്തെത്തുടർന്നു വൈസ് ചാൻസലർ ജീവനക്കാർക്ക് ഇ–മെയിൽ വഴി ജാഗ്രതാ നിർദേശം നൽകി.

ഇന്നലെ രാവിലെ താങ്കളുടെ എടിഎം കാർഡ് ബ്ലോക്കായതായി അറിയിച്ചു ദാമോദരന്റെ മൊബൈൽ ഫോണിലേക്ക് സന്ദേശം ലഭിച്ചു. തൊട്ടു പിന്നാലെ ഫോണിൽ വിളിക്കുകയും ചെയ്തു. ഇംഗ്ലീഷിലായിരുന്നു സംസാരം. എടിഎം കാർഡ് ബ്ലോക്കായിട്ടുണ്ടെന്നും തകരാർ പരിഹരിക്കുന്നതിന് എടിഎം കാർഡിനു പിന്നിലുള്ള മൂന്നക്ക നമ്പർ പറഞ്ഞു കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതു വിശ്വസിച്ച് ദാമോദരൻ നമ്പറും വിവരങ്ങളും നൽകി. മറ്റു രണ്ടു അക്കൗണ്ട് ഉടമകളുടെയും നമ്പറും വിവരങ്ങളും നൽകാനായിരുന്നു അടുത്ത ആവശ്യം. ഇതനുസരിച്ച് ഭാര്യയുടെയും ഷെറീനയുടെയും എടിഎം കാർഡുകൾക്ക് പിന്നിലെ മൂന്നക്ക നമ്പറും രഹസ്യമായി സൂക്ഷിക്കേണ്ട മറ്റു വിവരങ്ങളും നൽകുകയായിരുന്നു.


അല്പസമയത്തിനുള്ളിൽ പണം പിൻവലിച്ചതായുള്ള സന്ദേശം മൂവരുടെയും മൊബൈൽ ഫോൺ നമ്പറുകളിലേക്ക് വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്.

സംഭവത്തെത്തുടർന്നു മൂന്നു പേരും തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇവരുടെ അക്കൗണ്ടിലെ പണം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവർ സാധനങ്ങൾ വാങ്ങിയതായാണ് പ്രാഥമിക വിവരം. വിഷയത്തിൽ ഇന്നു കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

സർവകലാശാല ഭരണവിഭാഗം ജീവനക്കാരനായ മുജീബ് റഹ്മാന്റെ അക്കൗണ്ടിൽ പണം ഇല്ലാത്തതിനാലാണു തട്ടിപ്പിൽ പെടാതിരുന്നത്. ഇദ്ദേഹവും സംഘത്തിന് എടിഎം കാർഡ് വിവ രങ്ങൾ നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.