സിൽവമ്മയ്ക്കുണ്ടായ ദുരന്തം ഏവരുടെയും കണ്ണുതുറപ്പിക്കണം: തോമസ് ഉണ്ണിയാടൻ
സിൽവമ്മയ്ക്കുണ്ടായ ദുരന്തം ഏവരുടെയും കണ്ണുതുറപ്പിക്കണം: തോമസ് ഉണ്ണിയാടൻ
Monday, August 22, 2016 1:13 PM IST
കോട്ടയം: തെരുവുനായ്ക്കൾ പാവപ്പെട്ട ജനങ്ങളുടെ ജീവനു ഭീഷണിയായി മാറിയിട്ടും സർക്കാർ സംവിധാനങ്ങൾ പുലർത്തുന്ന കുറ്റകരമായ ഉദാസീനതയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് തിരുവനന്തപുരം പുല്ലുവിളയിൽ കൊല്ലപ്പെട്ട സിൽവമ്മയെന്ന് മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ. ഇക്കാര്യത്തിൽ ഊർജിത നടപടി കൊക്കൊള്ളുമെന്ന സർക്കാർ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ ഗുരുതരമായ നഷ്‌ടമായിരിക്കും നേരിടേണ്ടിവരികയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻ നിയമസഭയുടെ കാലത്ത് തെരുവുനായ് ശല്യത്തെപ്പറ്റി നൂറു കണക്കിനു പരാതികളിന്മേൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിച്ച പെറ്റീഷൻസ് കമ്മിറ്റി അധ്യക്ഷനായിരുന്ന തോമസ് ഉണ്ണിയാടൻ പല പ്രാവശ്യം ഈ വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സർക്കാർ ചീഫ് വിപ്പ ആയ ശേഷം അദ്ദേഹം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ഫലമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർവകക്ഷിയോഗം വിളിച്ചു. ഉപദ്രവകാരികളായ തെരുവുനായ്ക്കളെ നശിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഊർജിതമാക്കണമെന്നതായിരുന്നു യോഗത്തിലെ തീരുമാനം.


പക്ഷേ, തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സന്നദ്ധ സംഘടനകളുടെയും റെസിഡൻസ് അസോസിയേഷനുകളുടെയുമെല്ലാം സഹകരണത്തോടെ തെരുവുനായ് ശല്യം പ്രതിരോധിക്കാനുള്ള പദ്ധതി വിജയകരമായി നടപ്പാക്കണമെന്ന സംയുക്‌ത നിർദേശം നടപ്പാക്കാൻ ആത്മാർഥ ശ്രമമുണ്ടായില്ല. മൂന്നു ലക്ഷത്തോളം തെരുവുനായ്ക്കൾ സംസ്‌ഥാനത്തുണ്ടെന്നാണ് ഏകദേശ കണക്ക്.

മനുഷ്യജീവനേക്കാൾ പ്രധാനം തെരുവുനായ്ക്കളുടെ സുരക്ഷയാണെന്നു സ്‌ഥാപിക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ടെന്നും ഉണ്ണിയാടൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.