അസി. കമൻഡാന്റ് വെടിയേറ്റു മരിച്ച സംഭവം: ഫോറൻസിക് സാമ്പിളുകൾ അയച്ചു
അസി. കമൻഡാന്റ് വെടിയേറ്റു മരിച്ച സംഭവം: ഫോറൻസിക് സാമ്പിളുകൾ അയച്ചു
Monday, August 22, 2016 1:02 PM IST
കൊച്ചി: തൃപ്പൂണിത്തുറ എ.ആർ ക്യാമ്പിലെ അസിസ്റ്റന്റ് കമൻഡാന്റ് സാബു മാത്യു നൈറ്റ് പട്രോളിംഗിനിടെ സ്വന്തം തോക്കിൽനിന്നു വെടിയേറ്റു മരിച്ച സംഭവത്തിൽ ഫോറൻസിക് സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കയച്ചു.

സാബുവിന്റെ ശരീരത്തിൽ തുളച്ചുകയറിയ വെടിയുണ്ട, ബാലിസ്റ്റിക്, ഫോറൻസിക് വിദഗ്ധർ ശേഖരിച്ച തെളിവുകൾ, ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിനുശേഷം ഡോക്ടർമാർ കൈമാറിയ സാമ്പിളുകൾ എന്നിവയാണ് തിരുവനന്തപുരത്തേക്ക് അയച്ചത്. സാബുവിനു വെടിയേറ്റ 9 എംഎം പിസ്റ്റൾ ഫോറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തിൽ പരിശോധനകൾക്കായി പിന്നീട് അയയ്ക്കും.

കോടതി വഴി മാത്രമേ പിസ്റ്റൾ പരിശോധനയ്ക്കായി അയയ്ക്കാൻ സാധിക്കൂ. സാബു മാത്യുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണത്തിൽ വ്യക്‌തതയുണ്ടാകുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.അതേസമയം മരിച്ച സാബുവിന്റെ കുടുംബാംഗങ്ങളുടെ മൊഴി ഉടൻ എടുക്കില്ല. സംസ്കാരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ പൂർത്തിയായതിനുശേഷമേ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുകയുള്ളൂവെന്നും കേസന്വേഷിക്കുന്ന കളമശേരി സിഐ എസ്.ജയകൃഷ്ണൻ വ്യക്‌തമാക്കി.


സാബു മാത്യുവിന്റെ സംസ്കാരം ഇന്നലെ വൈകുന്നേരം നാലിനു പനച്ചിക്കാട് വെള്ളുത്തുരുത്തി സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ നടന്നു. ഇന്നലെ രാവിലെ പത്തുവരെ തൃപ്പൂണിത്തുറ കൊല്ലംപടിയിലെ വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹം പിന്നീട് വെള്ളുത്തുരുത്തിയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയി.

ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ നൈറ്റ് പട്രോളിംഗിനിടെ വാഴക്കാലായിൽവച്ച് വാഹനത്തിന്റെ നടുവിലെ സീറ്റിലിരുന്ന സാബു മാത്യുവിന് സ്വന്തം തോക്കിൽ നിന്നു വെടിയേൽക്കുകയായിരുന്നു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന പോലീസുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടരയോടെ മരണം സംഭവിച്ചു.

സുരക്ഷാ സംവിധാനങ്ങളുള്ള തോക്കിൽ നിന്ന് വെടിയുതിർന്നതാണ് സാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കാൻ കാരണം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.