മാധ്യമങ്ങൾക്കു വിലക്കില്ലെന്നു ഹൈക്കോടതി
Saturday, July 30, 2016 12:11 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: മാധ്യമപ്രവർത്തകർക്കു കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ വിലക്കില്ലെന്നു ഹൈക്കോടതി ഔദ്യോഗികമായി അറിയിച്ചു. ജഡ്ജിമാരുടെ ചേംബറുകളിലും സ്റ്റെനോ പൂളിലും മാധ്യമപ്രവർത്തകർക്കു പ്രവേശനം നൽകുന്ന കാര്യം അതതു ജഡ്ജിമാർക്കു തീരുമാനിക്കാം. ഹൈക്കോടതിയിൽനിന്നുള്ള ഉത്തരവുകളും വിധിന്യായങ്ങളും മാധ്യമപ്രവർത്തകർക്കു വേഗത്തിൽ ലഭിക്കാനുള്ള നടപടികളും മാർഗനിർദേശങ്ങളും മീഡിയ കമ്മിറ്റി പരിശോധിക്കുമെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ അശോക് മേനോൻ പത്രക്കുറിപ്പിൽ അറിയിച്ചു.

ജൂലൈ 19, 20 തീയതികളിൽ മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷങ്ങളെത്തുടർന്നു ഹൈക്കോടതിയിൽ റിപ്പോർട്ടർമാർക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി മീഡിയ റൂം പൂട്ടുകയും ജഡ്ജിമാരുടെ ചേംബറിലേക്കും സ്റ്റെനോപൂളിലേക്കും പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം ഹൈക്കോടതിയിലെത്തി റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്കു സാധിച്ചിരുന്നില്ല.

കൊല്ലത്തും കോഴിക്കോട്ടും ഉൾപ്പെടെ നിരവധി സ്‌ഥലങ്ങളിലെ കോടതികളിലും പിന്നീടു മാധ്യമപ്രവർത്തകർക്കു വിലക്കുകളുണ്ടായി. ഇതു ദേശവ്യാപകമായ ചർച്ചകൾക്കു വഴിവയ്ക്കുകയുംചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണു ഹൈക്കോടതി രജിസ്ട്രാർ തന്നെ മാധ്യമങ്ങൾക്കു വിലക്കില്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയത്.

ഹൈക്കോടതിയിൽ മാധ്യമങ്ങൾക്കു വിലക്കില്ലെന്നു പൊതുജനങ്ങളെ അറിയിക്കേണ്ടതുണ്ടെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് കൂടി പങ്കെടുത്ത മീഡിയ കമ്മിറ്റി യോഗം വിലയിരുത്തിയെന്നും രജിസ്ട്രാർ ജനറൽ പത്രക്കുറിപ്പിൽ വ്യക്‌തമാക്കി. മീഡിയ കമ്മിറ്റി കോടതി ഉത്തരവുകളും വിധിന്യായങ്ങളും കൃത്യമായും എളുപ്പത്തിലും റിപ്പോർട്ട് ചെയ്യുന്നതിനുള്ള മാർഗനിർദേശം തയാറാക്കും.


സുരക്ഷയെ മുൻനിർത്തിയാണു ജഡ്ജിമാരുടെ ചേംബറുകളിൽ പ്രവേശനം നിയന്ത്രിച്ചിട്ടുള്ളത്. എന്നാൽ, വാർത്താശേഖരണത്തിനു മാധ്യമപ്രവർത്തകർക്കു പ്രവേശനം നൽകുന്ന കാര്യം അതതു ജഡ്ജിമാർക്കു തീരുമാനിക്കാമെന്നു രജിസ്ട്രാർ ജനറൽ വിശദീകരിക്കുന്നു.

റിപ്പോർട്ടർമാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തോടു യോജിക്കാത്ത ജഡ്ജിമാർ തങ്ങളുടെ നിലപാടു വ്യക്‌തമാക്കിയതോടെയാണ് അതതു ജഡ്ജിമാർക്ക് ഇക്കാര്യം തീരുമാനിക്കാമെന്ന നിലപാട് ഹൈക്കോടതിയെടുത്തതെന്നാണു കരുതുന്നത്.

ജഡ്ജിമാരുടെ ചേംബറിലും ഓഫീസുകളിലും അവിടത്തെ ജീവനക്കാരുടെ ഓഫീസുകളിലും പ്രൈവറ്റ് സെക്രട്ടറിമാരുടെയും പേഴ്സണൽ അസിസ്റ്റന്റുമാരുടെയും അടുത്തുനിന്നു മാധ്യമപ്രവർത്തകർ വിവരങ്ങൾ ശേഖരിക്കുന്ന കാര്യത്തിൽ ജഡ്ജിമാർക്ക് ഇനി സ്വയം തീരുമാനം കൈക്കൊള്ളാനാകും.

ഹൈക്കോടതിയിലെ മീഡിയ റൂം പൂട്ടിയതുമായി ബന്ധപ്പെട്ട തുടർനടപടി പത്രക്കുറിപ്പിൽ വ്യക്‌തമാക്കിയിട്ടില്ല. ഹൈക്കോടതിയിൽ മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയെന്ന കാര്യം കഴിഞ്ഞ 26നു ഹൈക്കോടതി പബ്ലിക് റിലേഷൻസ് വിഭാഗം ഫോണിലൂടെയാണു മാധ്യമപ്രവർത്തകരെ അറിയിച്ചത്. തത്കാലത്തേക്കുള്ള വിലക്ക് എന്നാണ് അന്ന് അറിയിച്ചിരുന്നത്.

അതിനിടെ, കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാനുള്ള മാർഗനിർദേശം തയാറാക്കുന്ന മീഡിയ കമ്മിറ്റി ഹൈക്കോടതി പുനഃസംഘടിപ്പിച്ചു. ജസ്റ്റീസുമാരായ ആന്റണി ഡൊമിനിക്, കെ. സുരേന്ദ്ര മോഹൻ, പി.ആർ. രാമചന്ദ്രമേനോൻ, സി.കെ. അബ്ദുൾ റഹിം എന്നിവരെ ഉൾപ്പെടുത്തിയാണു കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.