ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം: മന്ത്രി സുഷമ സ്വരാജിനെ സന്ദർശിച്ച് കുടുംബാംഗങ്ങൾ നിവേദനം നല്കും
Saturday, July 30, 2016 12:07 PM IST
കോട്ടയം: യമനിൽ ഭീകരരുടെ പിടിയിൽനിന്നും ഫാ. ടോം ഉഴുന്നാലിലിനെ (56)സുരക്ഷിതമായി മോചിപ്പിക്കാൻ കേന്ദ്രസർക്കാർ അടിയന്തിര ഇടപെടലുകൾ നടത്തണമെന്ന് അഭ്യർഥനയുമായി ഉഴുന്നാലിൽ കുടുംബാംഗങ്ങൾ നാലിനു വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ സന്ദർശിക്കും.

ഫാ. ടോമിന്റെ സഹോദരൻ യു.വി. മാത്യുവും ഏതാനും കുടുംബാംഗങ്ങളുമാണു ഡൽഹിയിലേക്കു പോകുന്നത്. യമനിലെ ഭരണകൂടവുമായി സംഭവത്തിൽ ആശയവിനിമയം നടത്തിവരുന്ന അബുദാബി ബിഷപ് ഡോ. പോൾ ഹിണ്ടറെ പത്തിന് സന്ദർശിക്കാനും കുടുംബാംഗങ്ങൾ തീരുമാനിച്ചിട്ടുണ്ട്. നാലു മാസത്തിലേറെയായി തീവ്രവാദികൾ ബന്ദിയാക്കിയിരിക്കുന്ന സലേഷ്യൻ സഭാംഗം ഫാ. ടോം ഉടൻ മോചിതനാകുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണു കുടുംബാംഗങ്ങളും രാമപുരം ഗ്രാമവാസികളും.

യമനിലെ ഏദനിൽ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹം നടത്തിയിരുന്ന വൃദ്ധസദനത്തോടു ചേർന്ന ചാപ്പലിൽ കൂട്ടക്കൊല നടത്തിയശേഷം ഫാ. ടോമിനെ ബന്ധിയാക്കിയ ഭീകരർ അറസ്റ്റിലായെന്ന വാർത്ത വെള്ളിയാഴ്ച വൈകുന്നേരമാണ് രാമപുരം നിവാസികൾ കേട്ടറിഞ്ഞത്. വൃദ്ധസദനത്തിലെ വെടിവയ്പിൽ നാലു കന്യാസ്ത്രീകളടക്കം 16 പേരാണു കൊല്ലപ്പെട്ടത്. മദർ സുപ്പീരിയറായ തൊടുപുഴ വെളിയാമറ്റം സ്വദേശിനി പുൽപ്പറമ്പിൽ സാലി തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു.

പാലാ രാമപുരം ഉഴുന്നാലിൽ പരേതരായ വർഗീസ് ത്രേസ്യക്കുട്ടി ദമ്പതികളുടെ മകനാണ് ഫാ. ടോം. നാലു സഹോദരന്മാരും രണ്ടു സഹോദരിമാരുമാണ് ഇദ്ദേഹത്തിനുള്ളത്. ഇവരിൽ രണ്ട് സഹോദരന്മാരും ഒരു സഹോദരിയും വിദേശത്താണ്. മറ്റൊരു സഹോദരി പാലക്കാട്ടാണു താമസം. മൂത്ത സഹോദരൻ മാത്യുവും കുടുംബാംഗങ്ങളും ഇപ്പോൾ ബറോഡയിലാണ് താമസം. കുടുംബവീട് ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. ജാർഖണ്ഡ് സ്വദേശിനി സിസ്റ്റർ ആൻസുലം (57), റുവാണ്ടയിൽനിന്നുള്ള സിസ്റ്റർമാരായ മാർഗരറ്റ് (44), റിജിനിറ്റ് (32), കെനിയയിൽനിന്നുള്ള സിസ്റ്റർ ജൂഡിറ്റ് (41) എന്നിവരാണ് യമനിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിസ്റ്റർമാർ. ജീവനു ഭീഷണിയുണ്ടായിട്ടും ഈ സന്യാസിനികളുടെ ആധ്യാത്മിക ശുശ്രൂഷകൾ നടത്തിക്കൊടുക്കേണ്ടതിനാലാണ് ഫാ. ടോം ഏദനിൽ കഴിഞ്ഞിരുന്നത്.


ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണ് കൃത്യത്തിനു പിന്നിലെന്നായിരുന്നു സൂചനയെങ്കിലും അൽക്വയ്ദയാണ് സംഭവത്തിനു പിന്നിലെന്ന് കഴിഞ്ഞ ദിവസമാണ് വ്യക്‌തമായത്.

തടവിൽ കഴിയുന്ന ഫാ. ടോമിന്റേതെന്നു കരുതാവുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞയാഴ്ച ഭീകരർ പുറത്തുവിട്ടിരുന്നു. ഒളിത്താവളത്തിൽ വൈദികൻ ക്രൂരമായി മർദനത്തിനു വിധേയനാകുന്ന രംഗങ്ങങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. ഭീകരപ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഏദനിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ജിബൂട്ടി എന്ന സ്‌ഥലത്തേക്കു മാറ്റിയിരുന്നു. ജിബൂട്ടിയിൽ ഒരു ക്യാമ്പ് ഓഫീസ് മാത്രമാണു പ്രവർത്തിക്കുന്നത്.

യമനിലെ വാർത്താവിനിമയ സംവിധാനങ്ങളെല്ലാം താറുമാറായതിനാൽ അവിടെയുള്ള ഇന്ത്യക്കാരുമായി ഫോൺ വഴി ബന്ധപ്പെടാനും കഴിയുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.