വിശ്വാസ പരിശീലനത്തിൽ മാതാപിതാക്കളുടെ പങ്ക് സുപ്രധാനം: കർദിനാൾ
വിശ്വാസ പരിശീലനത്തിൽ മാതാപിതാക്കളുടെ പങ്ക് സുപ്രധാനം: കർദിനാൾ
Saturday, July 30, 2016 12:07 PM IST
കൊച്ചി: കുട്ടികളെ വിശ്വാസവും ജീവിതമൂല്യങ്ങളും പരിശീലിപ്പിക്കുന്നതിൽ മാതാപിതാക്കൾക്കൊപ്പം ശുശ്രൂഷ ചെയ്യേണ്ടവരാണു വിശ്വാസപരിശീലകരെന്നു സീറോ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭയുടെ മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ രൂപതകളിലെ പേരന്റിംഗ് റിസോഴ്സ് ടീം അംഗങ്ങൾക്കായി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ച പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാതാപിതാക്കൾക്കൊപ്പം ചേർന്നുനിന്നു കുട്ടികളുടെ നന്മകളും കുറവുകളും മനസിലാക്കി പരിശീലനം നൽകാനാണു മതാധ്യാപകർ ശ്രദ്ധിക്കേണ്ടത്.

മാറുന്ന കാലഘട്ടത്തിലെ സങ്കീർണസാഹചര്യങ്ങളെ അതിജീവിക്കാനും സമഗ്രമായ വ്യക്‌തിത്വം രൂപപ്പെടുത്താനും സാധിക്കുന്നതരത്തിൽ വിശ്വാസപരിശീലന പദ്ധതികളിലും ആവശ്യമായ മാറ്റങ്ങൾ ഉണ്ടാകണം. കുട്ടികളുടെ വളർച്ചയിൽ പ്രധാന ഉത്തരവാദിത്വം മാതാപിതാക്കൾക്കു തന്നെയാണ്. പ്രധാന വിശ്വാസപരിശീലകർ എന്ന നിലയിൽ മാതാപിതാക്കൾ അവരുടെ ഉത്തരവാദിത്വം വിശ്വസ്തതയോടെ നിർവഹിക്കാൻ പ്രാപ്തരാകേണ്ടതുണ്ടെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.


മതബോധന കമ്മീഷൻ അംഗം ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ അധ്യക്ഷതവഹിച്ചു.

കമ്മീഷൻ സെക്രട്ടറി റവ ഡോ. ജിമ്മി പൂച്ചക്കാട്ട്, റവ ഡോ. പോൾ കരേടൻ, മരിയ ജെറോം, സിസ്റ്റർ ഡീന എന്നിവർ പ്രസംഗിച്ചു. വിപിൻ വി. റോൾഡന്റ്, സോണി തോമസ് ഓലിക്കൻ, ഭാഗ്യമേരി ബി. മാനുവൽ, അലീന ജയിംസ്, നയന മാത്യു എന്നിവരാണു വിവിധ സെഷനുകൾ നയിക്കുന്നത്.

ഇന്നു രാവിലെ 11.30ന് ബിഷപ് മാർ ജേക്കബ് മനത്തോടത്ത് സന്ദേശം നൽകും. കേരളത്തിലെ വിവിധ രൂപതകളിൽനിന്നു റിസോഴ്സ് ടീം അംഗങ്ങൾ പങ്കെടുക്കുന്ന ശില്പശാല ഇന്നു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.