പി.ടി.ചാക്കോ ചരമദിനാചരണംനാളെ
Saturday, July 30, 2016 12:03 PM IST
കോട്ടയം; റബറിന്റെ പുതിയ ഉപയോഗങ്ങൾ കണ്ടെത്തി രാജ്യത്തിനു നേട്ടം പകർന്ന ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങൾക്ക് പിറവം ഇടയ്ക്കാട്ടുവയൽ സ്വദേശി പീറ്റർ ജെ.ഇളയിടത്തിന് പി.ടി.ചാക്കോ അനുസ്മരണദിനമായ നാളെ പ്രത്യേക അവാർഡ് നൽകുമെന്ന് കേരളകോൺഗ്രസ് ചെയർമാൻ പി.സി.തോമസ്.

കോട്ടയം കെ.പി.എസ്.മേനോൻ ഹാളിൽ രാവിലെ 10.30–ന് “സമകാലീന രാഷ്ട്രീയത്തിൽ പി.ടി.ചാക്കോയുടെ പ്രസക്‌തി’ എന്ന സെമിനാർ നടക്കും. ചടങ്ങിൽ പീറ്ററിന് പ്രത്യേക അംഗീകാരം നൽകും.

20 വർഷമായി സ്വാഭാവികറബർ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന നിരവധി സാമഗ്രികൾ പീറ്ററിന്റെ തലയിലുദിച്ചത് ഇന്ന് ഏറെ പ്രധാനപ്പെട്ട ഉത്പന്നങ്ങളായും രാജ്യത്തിന് വൻ നേട്ടമുണ്ടാകുന്ന ഉപഭോഗത്തിലും എത്തിച്ചിരിക്കുകയാണ്. ട്രെയിനിന്റെ ബോഗികൾ തമ്മിൽ ചേരുന്ന ഭാഗത്ത് റബറിന്റെ ഉപയോഗം ഇന്ന് വ്യാപകമായി കാണുന്നുണ്ടെങ്കിലും അതിന്റെ ഉത്ഭവം പീറ്ററിന്റെ മനസിൽനിന്നാണ്.


വിമാനത്തിന്റെ സുരക്ഷിതമായ ലാൻഡിംഗ്, പ്രതിരോധം, റെയിൽവേ, വ്യോമഗതാഗതം തുടങ്ങി നിരവധി മേഖലകളിൽ റബർ ഉപയോഗപ്പെടുത്താനുള്ള കണ്ടുപിടിത്തങ്ങളാണ് പീറ്റർ നടത്തിയതെന്നു പി.സി.തോമസ് പറഞ്ഞു.

കുമ്മനം രാജശേഖരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സുരേഷ് കുറുപ്പ് എംഎൽഎ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും.

മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്, പി.ടി.ചാക്കോയുടെ ചരിത്രപുസ്തകം രചിച്ച ഏബ്രഹാം മാത്യു, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസലർ അലക്സാണ്ടർ കാരയ്ക്കൽ എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.