എനിക്കെതിരേ വിജിലൻസിന്റെ മുമ്പിലുള്ള പരാതി മുമ്പുതള്ളിയത്: കെ.എം. മാണി
Saturday, July 30, 2016 11:45 AM IST
പാലാ: കോടതി വിശദ പരിശോധനയ്ക്കുശേഷം അടിസ്‌ഥാനരഹിതമെന്നു കണ്ട് തള്ളിക്കളഞ്ഞ പരാതി വീണ്ടും ഒരു പെറ്റീഷൻ മുഖേന പുനരാരംഭിക്കുക എന്നത് നീതി നിഷേധമാണെന്നും പരാതിയുടെ പിന്നിൽ വ്യക്‌തി വൈരാഗ്യമാണെന്നും മുൻ ധനകാര്യമന്ത്രി കെ.എം. മാണി. തനിക്കെതിരേ നോബിൾ മാത്യു വിജിലൻസ് ഡയറക്ടർക്കു നൽകിയ പരാതിയെ പരാമർശിച്ചു പാലായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ കോട്ടയം വിജിലൻസ് കോടതി തള്ളിയ പരാതിയുമായി നോബിൾ മാത്യു വിജിലൻസ് ഡയറക്ടറെ സമീപിച്ചതു വാർത്ത സൃഷ്ടിക്കാൻവേണ്ടി മാത്രമാണ്. കേരള കോൺഗ്രസ് പ്രവർത്തകനായിരിക്കെ ആഗ്രഹിച്ച സ്‌ഥാനമാനങ്ങൾ ലഭിക്കാതെ വന്നതിനെത്തുടർന്നാണ് നോബിൾ മാത്യു പാർട്ടി വിട്ടത്. ഇതിലുള്ള മോഹഭംഗമാണ് അദ്ദേഹത്തിന്റെ പരാതിക്കു പിന്നിലുള്ളത്. ബോധപൂർവം പുകമറ സൃഷ്ടിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് പരാതിയെന്നും കെ.എം മാണി പറഞ്ഞു.

കോഴിക്കച്ചവടക്കാർക്കെതിരേ 64 കോടി രൂപ പെനാലിറ്റി ചുമത്തി നോട്ടീസ് നൽകിയതു വാണിജ്യ നികുതി വകുപ്പാണ്. അതിനെതിരേ കോഴി ഫാമുകാർ ഡപ്യൂട്ടി കമ്മീഷണർക്കു നൽകിയ അപ്പീലിൽ ഇതു പുനഃപരിശോധിക്കാൻ അദ്ദേഹം ഉത്തരവിട്ടു. എന്നാൽ പ്രസ്തുത ഉത്തരവ് സർക്കാർ അംഗീകരിച്ചില്ല. പകരം അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനിച്ചത്. വാറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിൽ കോഴിഫാമുകാർ നൽകിയ അപ്പീലിൽ ട്രൈബ്യൂണൽ സർക്കാർ വാദം തള്ളി ഡപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ് ശരിവച്ചു. ഇതിനെതിരേ സർക്കാർ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകി. പ്രസ്തുത കേസുകൾ ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയും ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുകയുമാണ്.


ഒരു രൂപയുടെ ആനുകൂല്യം പോ ലും സർക്കാർ ആർക്കും നൽകിയിട്ടില്ല. മാത്രവുമല്ല കോടതി വിധികൾക്കെതിരേ മേൽ കോടതികളിൽ സർക്കാർ തുടർച്ചയായി നിലപാട് സ്വീകരിക്കുകയും ചെയ്തു.

ഇക്കാര്യം മറച്ചുവച്ചാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതെന്നും കെ.എം. മാണി പറഞ്ഞു. ചരൽക്കുന്നിൽ ആറ്, ഏഴ് തിയതികളിൽ നടക്കുന്ന പാർട്ടി ക്യാമ്പിനു ശേഷം പാർട്ടിയുടെ നയപരമായ കൂടുതൽ കാര്യങ്ങൾ പറയാമെന്നും ആനുകാലിക രാഷ്ര്‌ടീയ കാര്യങ്ങൾ പാർട്ടി ചർച്ച ചെയ്യുമെന്നും കേരള കാൺഗ്രസ് പാർട്ടി മുമ്പു പറഞ്ഞ കാര്യങ്ങൾ ഗൗരവസ്വഭാവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

<ആ>ഉമ്മൻ ചാണ്ടി മാണിയെ സന്ദർശിച്ചു

പാലാ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്നലെ പാലായിൽ കെ.എം. മാണി എംഎൽഎയെ സന്ദർശിച്ചു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ഉമ്മൻ ചാണ്ടി കെ.എം. മാണിയുടെ വസതിയിലെത്തിയത്.

കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഇരുവരും തയാറായില്ല. പാലായിൽ എത്തുമ്പോഴൊക്കെ ഉമ്മൻ ചാണ്ടി തന്നെ സന്ദർശിക്കാറുണ്ടെന്നായിരുന്നു കെ.എം. മാണിയുടെ പ്രതികരണം.

ഫാ. കൊളംബിയർ അവാർഡുദാന ചടങ്ങിനാണ് ഉമ്മൻ ചാണ്ടി ഇന്നലെ പാലായിൽ എത്തിയത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.