സംസ്‌ഥാനത്തു വിദ്യാർഥികളില്ലാതെ 14,000 എൻജിനിയറിംഗ് സീറ്റുകൾ
Saturday, July 30, 2016 11:45 AM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ എൻജിനിയറിംഗ് കോളജുകളിൽ വിദ്യാർഥികളില്ലാതെ ഒഴിഞ്ഞുകിടക്കുന്നതു പതിന്നാലായിരത്തിലധികം എൻജിനിയറിംഗ് മെരിറ്റ് സീറ്റുകൾ.

പ്രവേശനത്തിനായുള്ള മുഖ്യ അലോട്ട്മെന്റുകൾ അവസാനിച്ചു കഴിഞ്ഞപ്പോൾ സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിലെ 14,300 മെറിറ്റ് സീറ്റുകളിലാണു വിദ്യാർഥികൾ ഇല്ലാതെയുള്ളതെന്നു പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് വ്യക്‌തമാക്കി. സർക്കാർ എയ്ഡഡ് കോളജുകളിലായി ആകെയുള്ള 5,010 മെറിറ്റ് സീറ്റുകളിലും വിദ്യാർഥികൾ പ്രവേശനം നേടി. 21 സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലെ 6,983 മെറിറ്റ് സീറ്റുകളിൽ 5,557 സീറ്റിലും വിദ്യാർഥികൾ പ്രവേശനം നേടിക്കഴിഞ്ഞു.

സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിലെ ആകെയുള്ള മെറിറ്റ് സീറ്റുകളിൽ 44 ശതമാനത്തിലധികം മാത്രമാണ് ഇതിനോടകം വിദ്യാർഥികൾ പ്രവേശനം നേടിയത്. കഴിഞ്ഞ വർഷം 14,000 മെറിറ്റ് സീറ്റുകളാണു സ്വാശ്രയ കോളജുകളിൽ വിദ്യാർഥികളെ കിട്ടാതെ ഒഴിഞ്ഞു കിടന്നത്. ഈ വർഷം അതു കൂടുന്നതായിട്ടാണ് കണക്കുകൾ. അടിസ്‌ഥാന സൗകര്യങ്ങളും പഠനനിലവാരത്തിൽ പിന്നിട്ടു നിൽക്കുന്നതുമായ സ്വാശ്രയ കോളജുകളിലേക്കു വിദ്യാർഥികൾ ഇത്തവണ അലോട്ട്മെന്റിൽ അപേക്ഷ പോലും നല്കിയിട്ടില്ല. പത്തോളം കോളജുകളിൽ ആകെയുള്ളതിൽ 20 സീറ്റിൽ മാത്രമാണ് അലോട്ട്മെന്റ് ലഭിച്ചത്.


സംസ്‌ഥാനത്ത് എൻജിനിയറിംഗ് പ്രവേശന പരീക്ഷയെഴുതിയതിൽ 55,914 വിദ്യാർഥികൾ യോഗ്യത നേടിയിരുന്നു. ഇതിൽതന്നെ എൻജിനിയറിംഗ് മെറിറ്റ് സീറ്റിലേക്കു പ്രവേശനത്തിനായി ഓപ്ഷൻ നല്കിയത് 30,000ൽ താഴെ വിദ്യാർഥികളായിരുന്നു. ഈ കണക്കുകൾ വെളിവാക്കുന്നത് ഇക്കുറിയും സംസ്‌ഥാനത്തെ സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിൽ വൻതോതിൽ മെറിറ്റ് സീറ്റുകൾ വിദ്യാർഥികൾ ഇല്ലാതെ ഒഴിഞ്ഞു കിടക്കുമെന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.