എൽഡി ക്ലാർക്ക് വിജ്‌ഞാപനം വൈകിയേക്കും
എൽഡി ക്ലാർക്ക് വിജ്‌ഞാപനം വൈകിയേക്കും
Saturday, July 30, 2016 11:33 AM IST
തിരുവനന്തപുരം: പിഎസ്സി നടത്തുന്ന എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്‌ഞാപനം വൈകിയേക്കും. ജൂലൈ മധ്യത്തോടെയായിരുന്നു എൽഡി ക്ലാർക്ക് വിജ്‌ഞാപനം പുറപ്പെടുവിക്കേണ്ടിയിരുന്നത്.

എന്നാൽ, തിരക്കിട്ടു വിജ്‌ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്ന നിലപാടാണ് ഇപ്പോൾ പിഎസ്സി. വിജ്‌ഞാപനം ആറു മാസം വരെ നീട്ടിവയ്ക്കാനാണു നിലവിൽ പിഎസ്സിയുടെ തീരുമാനം. എൽഡി ക്ലാർക്ക് തസ്തികയിലേക്കു മൂന്നു വർഷം പൂർത്തിയാവുമ്പോൾ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നതിനു പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാന ത്തിൽ കഴിഞ്ഞ 18ന് വിജ്‌ഞാപനം പുറപ്പെടുവിക്കാനായിരുന്നു ശ്രമം.

എന്നാൽ, പിഎസ്സിയുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് അടിയന്തരമായി വിജ്‌ഞാപനം ക്ഷണിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇപ്പോൾ കമ്മീഷൻ.

സംസ്‌ഥാനത്തെ 14 ജില്ലകളിലും വിജ്‌ഞാപനം പുറപ്പെടുവിച്ച് എൽഡി ക്ലാർക്ക് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെങ്കിൽ കോടിക്കണക്കിനു രൂപ വേണ്ടി വരും.


കോളജ് അധ്യാപക നിയമനത്തിൽ 25 പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചെങ്കിലും പകുതി പരീക്ഷ പോലും നടത്താൻ പിഎസ്സിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതിനാൽ, ഇത്തരം മുടങ്ങിക്കിടക്കുന്ന തസ്തികകളുടെ പരീക്ഷകൾ ആദ്യം നടത്താനാണു ശ്രമം. നിലവിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്നു കാര്യമായ നിയമനം നടന്നിട്ടില്ല. അതിനാൽ, ആറു മാസംകൂടി കഴിഞ്ഞു വിജ്‌ഞാപനം ഇറക്കിയാലും കുഴപ്പമില്ലെന്നും പിഎസ്സിയിൽ അഭിപ്രായമുണ്ട്. അതേസമയം, വിജ്‌ഞാപനം ആറു മാസം വൈകിയാൽ റാങ്ക് ലിസ്റ്റും വൈകുമെന്നതാണ് വസ്തുത. ഇതു മുൻ തീരുമാനം അട്ടിമറിക്കപ്പെടാനും ഇടയാക്കിയേക്കും.

നിലവിലുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് ഒന്നര വർഷമായി. ഇപ്പോൾത്തന്നെ വിജ്‌ഞാപനം ക്ഷണിച്ച് 14 ജില്ലകളിലും അഞ്ചു ഘട്ടമായി പരീക്ഷ നടത്തണമെങ്കിൽ ഒരു വർഷത്തിലധികം വേണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.