കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ, വൈശാഖൻ സാഹിത്യ അക്കാദമി ചെയർമാൻ
കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ, വൈശാഖൻ സാഹിത്യ അക്കാദമി ചെയർമാൻ
Saturday, July 30, 2016 11:33 AM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെപിഎസി ലളിതയെ സംഗീത നാടക അക്കാദമി അധ്യക്ഷയായും കഥാകൃത്ത് വൈശാഖനെ സാഹിത്യ അക്കാദമി ചെയർമാനായും ചിത്ര സംയോജക ബീനാ പോളിനെ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായും നിയമിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടായേക്കും.

നാടകരംഗത്തും സിനിമാരംഗത്തും ഒരു പോലെ തിളങ്ങിയ മഹേശ്വരി അമ്മ എന്ന കെപിഎസി ലളിത ഇടതുപക്ഷ സഹയാത്രിക കൂടിയാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ ഇടതുപക്ഷ സ്‌ഥാനാർഥിയായി സിപിഎം നേതൃത്വം തീരുമാനിച്ചതു കെപിഎസി ലളിതയെയായിരുന്നു. എന്നാൽ, പ്രാദേശിക ഘടകം എതിർത്തതോടെ അവർ സ്വമേധയാ പിന്മാറുകയായിരുന്നു.

ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തിയതു മുതൽ കെപിഎസി ലളിതയെ സാംസ്കാരികവകുപ്പിനു കീഴിലുള്ള ഒരു സ്‌ഥാപനത്തിന്റെ തലപ്പത്തേക്കു കൊണ്ടു വരാൻ ശ്രമങ്ങൾ തുടരുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് അക്കാദമി അധ്യക്ഷയായി നിയമിക്കാൻ സർക്കാർ ഒരുങ്ങുന്നത്.

പ്രമേയത്തിലെ വൈവിധ്യവും ആഖ്യാനത്തിൽ ലാളിത്യവും പുതുമയുംകൊണ്ട് വായനക്കാരുടെ ഇഷ്‌ടം നേടിയ എഴുത്തുകാരിൽ ശ്രദ്ധേയനാണ് വൈശാഖൻ. നൂൽപ്പാലം കടക്കുന്നവർ, അപ്പീൽ അന്യായഭാഗം, അതിരുകളില്ലാതെ, അകാലത്തിൽ വസന്തം, നിശാശലഭം, യമകം തുടങ്ങിയ കൃതികളിലൂടെ മലയാള സാഹിത്യത്തെ കൂടുതൽ ജനപ്രിയമാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.


12 വർഷത്തോളം കേരള ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറും രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യ സംഘാടകയുമായിരുന്ന ബീനാ പോളിനെ അക്കാദമിയിലേക്കു തിരികെ എത്തിക്കാനും സർക്കാർ തീരുമാനിച്ചതായാണു വിവരം. മടങ്ങി വരാൻ ബീനാ പോളും സമ്മതം മൂളിയതായാണു സൂചന. വൈസ് ചെയർമാൻ പദവി നൽകിയായിരിക്കും ബീന പോളിനെ അക്കദമിയിലേക്കു കൊണ്ടു വരിക. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് അക്കാദമിയിലെ അഭിപ്രായഭിന്നതയെത്തുടർന്നു ബീനാപോൾ അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ സ്‌ഥാനവും ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയറക്ടർ സ്‌ഥാനവും രാജിവച്ചത്. സംവിധായകൻ സിബി മലയിൽ, ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി എന്നിവരെയും അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും സംവിധായകൻ ഡോ.ബിജുവിനെ ജനറൽ കൗൺസിലിലേക്കും പരിഗണിക്കുന്നുണ്ട്.

നാടൻപാട്ടു കലാകാരൻ സി.ജെ. കുട്ടപ്പനെ സംസ്‌ഥാന ഫോക്ലോർ അക്കാദമി അധ്യക്ഷനായി നിയമിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.