ജിത്തു ഇനി ’റെയ്സ’ന്റെ കരങ്ങൾ ഉയർത്തും
ജിത്തു ഇനി ’റെയ്സ’ന്റെ കരങ്ങൾ ഉയർത്തും
Friday, July 29, 2016 2:12 PM IST
കൊച്ചി: ഇരുകൈകളും മുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടിവന്ന യുവാവിന് അവയവദാനത്തിലൂടെ ലഭിച്ച കൈകൾ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വിജയകരമായി വച്ചുപിടിപ്പിച്ചു. ഷോക്കേറ്റു കരിഞ്ഞ കൈകൾ മുറിച്ചു മാറ്റേണ്ടിവന്ന കണ്ണൂർ ഇരിട്ടി സ്വദേശി ജിത്തുകുമാർ സജി(21)ക്കാണ് പുതിയ കൈകൾ വച്ചുപിടിപ്പിച്ചത്. നെടുമ്പാശേരിക്കടുത്തു പറമ്പയത്ത് വാഹനാപകടത്തിൽ മരിച്ച റെയ്സൻ സണ്ണി(24)യുടെ കൈകളാണ് ജിത്തുകുമാറിൽ വച്ചുപിടിപ്പിച്ചത്. രണ്ടു കൈയും മുട്ടിനു തൊട്ടുതാഴെ മുതൽ കൈപ്പത്തി വരെ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ഇന്ത്യയിൽ നടക്കുന്നത് ഇതാദ്യമാണ്. അതിസങ്കീർണമായ ശസ്ത്രക്രിയയ്ക്കു ശേഷം ജിത്തുകുമാർ സുഖംപ്രാപിച്ചുവരികയാണ്.

2013 ഓഗസ്റ്റിലാണു ജിത്തുകുമാറിന്റെ ഇരു കൈകളും നഷ്‌ടമാക്കിയ അപകടമുണ്ടായത്. നിർധന കുടുംബാംഗമായ ജിത്തു എസ്എസ്എൽസിക്കു ശേഷം ലൈ റ്റ് ആൻഡ് സൗണ്ട് അസിസ്റ്റന്റാ യി പന്തൽ പണിക്കാരുടെ സംഘത്തിൽ ജോലിക്കു പോയിരുന്നു. പന്തൽ മറിഞ്ഞുവീണ് ഇലക്ട്രിക്കൽ യൂണിറ്റിൽനിന്നു ഷോക്കേറ്റ ജിത്തുവിന്റെ ഇരുകൈകളും മുട്ടിന് താഴെ കരിഞ്ഞുപോയി. കോഴിക്കോട് മെഡിക്കൽ കോളജിലും പിന്നീട് ലുധിയാനയിലെ സിഎംസി ആശുപത്രിയിലും നടത്തിയ ചികിത്സകൾക്കൊടുവിൽ രണ്ടു കൈകളും മുട്ടിനു താഴെ മുറിച്ചു കളയേണ്ടിവന്നു. കൃത്രിമ കൈകൾ വച്ചുപിടിപ്പിച്ചെങ്കിലും അസ്വാസ്‌ഥ്യമുണ്ടായതിനാൽ കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെക്കുറിച്ചറിഞ്ഞ് ആറു മാസം മുമ്പ് അമൃത ആശുപത്രിയെ സമീപിക്കുകയായിരുന്നു.

ട്രാൻസ്പ്ലാന്റേഷൻ രജിസ്ട്രിയിൽ പേര് ഉൾപ്പെടുത്തിയതോടെ ജിത്തു ഇടപ്പള്ളിയിൽ സുഹൃത്തിന്റെ വീട്ടിലായി താമസം. അങ്കമാലിക്കടുത്തു വാഹനാപകടത്തിൽ മരിച്ച പറമ്പയം പുതുവാശേരി പള്ളിപ്പറമ്പിൽ റെയ്സൺ സണ്ണി(24)യുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതിച്ചതോടെ കൈകൾ ജിത്തുവിനു വച്ചുപിടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.


അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽനിന്നു വിദഗ്ധ മെഡിക്കൽ സംഘം ശസ്ത്രക്രിയ നടത്തി ആംബുലൻസിൽ മിനിറ്റുകൾക്കുള്ളിൽ അമൃതയിൽ എത്തിച്ച കൈകൾ 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ജിത്തുവിൽ വച്ചുപിടിപ്പിക്കുകയായിരുന്നു.

ഹെഡ് ആൻഡ് നെക്ക് പ്ലാസ്റ്റി ക് ആൻഡ് റീകൺസ്ട്രക്ടീവ് സ ർജറി വിഭാഗം മേധാവി ഡോ.സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ 25ഓളം സർജൻമാരും 12 അനസ്തേഷ്യോളജിസ്റ്റുകളും പങ്കാളികളായി. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്നാഴ്ച തീവ്രപ രിചരണ വിഭാഗത്തിൽ ചെലവ ഴിച്ച ജിത്തുവിന് ഇപ്പോൾ പുതി യ കൈകൾ കൊണ്ട് ഭക്ഷണം കഴിക്കാനും ഫോൺ വിളിക്കാനും കഴിയുന്നുണ്ട്. ആശുപത്രിയിൽനിന്നു നാട്ടിലേക്കു പോകാൻ ഒരുങ്ങിയിരിക്കുകയാണ് ജിത്തു.

ജിത്തുവിന്റെ വിരലുകൾക്ക് ചലനശേഷി ലഭിക്കാൻ ഒന്നര മുതൽ രണ്ടു വർഷം വരെ സമയമെടുക്കുമെന്നു ഡോ. സുബ്രഹ്മണ്യയ്യർ പത്രസമ്മേളനത്തിൽ പറഞ്ഞു. അതുവരെ തുടർച്ചയായി ഫിസിയോതെറാപ്പിയും വ്യായാമവും ചെയ്യേണ്ടതുണ്ട്. ജീവിതകാലം മുഴുവൻ പ്രതിരോധ ശേഷിയെ നിയന്ത്രിക്കാനുള്ള ഇമ്യൂണോസപ്രസന്റ് മരുന്നുകളും കഴിക്കണം. അമൃത ആശുപത്രിയിൽ ഇതിനുമുമ്പ് നടത്തിയ രണ്ടു കൈപ്പത്തിമാറ്റിവയ്ക്കൽ ശസ്ത്രക്രിയകളെക്കാളും വളരെയധികം സാങ്കേതിക ബുദ്ധിമുട്ട് ജിത്തുവിന്റെ ശസ്ത്രക്രിയയ്ക്കു വേണ്ടിവന്നുവെന്നും ലോകത്തുതന്നെ ഇത്തരത്തിനുള്ള ഏഴോ എട്ടോ ശസ്ത്രക്രിയകൾ മാത്രമേ നടന്നിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.