തച്ചങ്കരിക്കെതിരേ ത്വരിത പരിശോധനയ്ക്കു നിർദേശം
തച്ചങ്കരിക്കെതിരേ ത്വരിത പരിശോധനയ്ക്കു നിർദേശം
Friday, July 29, 2016 2:12 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ ക്രമക്കേടുകൾ നടന്നെന്ന പരാതിയെത്തുടർന്ന് ഗതാഗത കമ്മീഷണർ ടോമിൻ തച്ചങ്കരിക്കെതിരേ ത്വരിത പരിശോധന നടത്താൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നിർദേശം നൽകി. തച്ചങ്കരി ഗതാഗത കമ്മീഷണറായി ചുമതലയേറ്റശേഷം മോട്ടോർ വാഹന വകുപ്പിൽ നിരവധി ക്രമക്കേടുകൾ നടന്നെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ് അന്വേഷണം.

വാഹന പുക പരിശോധനാ കേന്ദ്രങ്ങളിലെല്ലാം ഒരു കമ്പനിയുടെ സോഫ്റ്റ്വെയർ ഉപയോഗിക്കണമെന്നു തച്ചങ്കരി നിർദേശിച്ചെന്നും ഇതിനു പിന്നിൽ അഴിമതിയുണ്ടെന്നുമാണു വിജിലൻസിന് ലഭിച്ച പരാതി. കൂടാതെ, ചില വാഹന ഡീലർമാർക്കു ചുമത്തിയ പിഴയിൽ ഇളവു നൽകിയതിലൂടെ സംസ്‌ഥാന ഖജനാവിനു നഷ്‌ടമുണ്ടായെന്നും ഇതിനു പിന്നിൽ അഴിമതിയുണ്ടെന്നുമുള്ള പരാതിയും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ത്വരിതപരിശോധന നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നിർദേശം നൽകിയത്.


ചിലർ നടത്തിയ ഗൂഢാലോചനയാണു വിജിലൻസ് ത്വരിത പരിശോധനയ്ക്ക് ഇടയാക്കിയതെന്നു ടോമിൻ തച്ചങ്കരി പ്രതികരിച്ചു. ആരെയും ഭയമില്ല. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. പുകപരിശോധനാ സോഫ്റ്റ്വെയർ തയാറാക്കുന്നത് കെൽട്രോണാണ്. അവരുമായി ഇക്കാര്യം ചർച്ച ചെയ്തു വരുന്നതേയുള്ളൂ. നടപ്പാക്കാത്ത സോഫ്റ്റ്വെയർ സംവിധാനം അടിച്ചേൽപ്പിച്ചെന്ന് പറയുന്നത് എന്തടിസ്‌ഥാനത്തിലാണ്? ഐഎഎസുകാരുടെ വാഹനങ്ങളിലെ ഔദോഗിക ചിഹ്നങ്ങൾ മാറ്റാൻ നിർദേശം നൽകിയതോടെ പലരും തനിക്കെതിരേ തിരിഞ്ഞു. ആരോപണങ്ങൾക്കു പിന്നിൽ മോട്ടോർ വാഹനവകുപ്പിൽ മുമ്പു സേവനം അനുഷ്ഠിച്ചവരടക്കമുള്ള ചില ഉദ്യോഗസ്‌ഥരുണ്ടെന്നും തച്ചങ്കരി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.