കലാഭവൻ മണിയുടെ മരണം: അന്വേഷണം സിബിഐക്കു വിട്ടതായി ആഭ്യന്തര സെക്രട്ടറി
കലാഭവൻ മണിയുടെ മരണം: അന്വേഷണം സിബിഐക്കു വിട്ടതായി ആഭ്യന്തര സെക്രട്ടറി
Friday, July 29, 2016 2:11 PM IST
തൃശൂർ: കലാഭവൻ മണിയുടെ മരണത്തിൽ അന്വേഷണം സിബിഐക്കു വിടാൻ സർക്കാർ വിജ്‌ഞാപനം ഇറക്കിയിരുന്നതായി ആഭ്യന്തരസെക്രട്ടറിയുടെ വിശദീകരണം. നടപടി സ്വീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളതായും ജൂൺ പത്തിനാണു സിബിഐ അന്വേഷണത്തിനു സംസ്‌ഥാന സർക്കാർ വിജ്‌ഞാപനമിറക്കിയതെന്നും ആഭ്യന്തര സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. സിബിഐ അന്വേഷണ ഉത്തരവു പുറപ്പെടുവിക്കാൻ സർക്കാർ വൈകുന്നുവെന്ന മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണന്റെ ഹർജിയിലാണു കമ്മീഷൻ ആഭ്യന്തര സെക്രട്ടറിയോടു വിശദീകരണം തേടിയത്.

കേസിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതിയടങ്ങുന്ന വിശദമായ റിപ്പോർട്ട് ഡിജിപി കമ്മീഷനു സമർപ്പിച്ചു. മണിയുടെ മരണം കൊലപാതകമോ ആത്മഹത്യയോ എന്നു കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. വിഷാംശം ഉള്ളിൽ ചെന്നതു സംബന്ധിച്ചുള്ള രാസപരിശോധനാഫലങ്ങളിൽ വിദഗ്ധരുമായി കൂടിയാലോചനയ്ക്കു ശേഷമേ നിഗമനത്തിലെത്താനാകൂ എന്നും അന്വേഷണം തുടരുകയാണെന്നുമാണ് ഡിജിപിയുടെ റിപ്പോർട്ടിലുള്ളത്. ദുരൂഹമരണം സംബന്ധിച്ച് ആറു സുഹൃത്തുക്കൾക്കു നുണപരിശോധന നടത്താൻ തീരുമാനിച്ചിട്ടുള്ളതായും പോലീസിന്റെ റിപ്പോർട്ടിലുണ്ട്.


ഇതിനായി ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നല്കിയിരിക്കുകയാണ്. കേസിൽ 290ലേറെ സാക്ഷികളുടെ മൊഴിയെടുത്തു. നിരവധി സാങ്കേതിക തെളിവുകൾ ശേഖരിച്ചു. ഇതിൽനിന്നൊന്നും മരണ കാരണം കണ്ടെത്താനായില്ലെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.