മെട്രോ രണ്ടാം ഘട്ടത്തിന് 950 കോടി എഎഫ്ഡി വായ്പ
മെട്രോ രണ്ടാം ഘട്ടത്തിന് 950 കോടി എഎഫ്ഡി വായ്പ
Friday, July 29, 2016 1:42 PM IST
കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ രണ്ടാംഘട്ട നിർമാണത്തിനും ജംഗ്ഷനുകളുടേയും വാക്ക് വേ അടക്കമുള്ളയുടെയും നവീകരണപദ്ധതിക്കും സാമ്പത്തികസഹായം അനുവദിക്കാൻ ഫ്രഞ്ച് ധനകാര്യ ഏജൻസിയായ എഎഫ്ഡി തത്വത്തിൽ അംഗീകാരം നൽകി. ഇരു പദ്ധതിക്കുംകൂടി 950 കോടി രൂപയാണ് നൽകുക.

ധാരണാപത്രം അടുത്ത വർഷം ആദ്യമാസങ്ങളിൽ ഒപ്പിടും. ഫ്രഞ്ച് അംബാസിഡർ അടക്കമുള്ളവർ കൊച്ചിയിൽ എത്തി വിശദമായ ചർച്ച നടത്തിയ ശേഷം മാത്രമേ വായ്പ സംബന്ധിച്ച വ്യക്‌തമായ ധാരണയിലെത്തൂ.

കൊച്ചി മെട്രോ ആദ്യഘട്ടത്തിന്റെ നിർമാണം മികച്ച രീതിയിൽ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണു സാമ്പത്തിക സഹായം നൽകുന്നതിനുള്ള തീരുമാനം കൈക്കൊണ്ടതെന്നു എഎഫ്ഡി റീജണൽ ഡയറക്ടർ നിക്കോളാസ് ഫൊർനാഷ് വ്യക്‌തമാക്കി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി കൊച്ചിയിൽ മെട്രോ പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്തലിനു ശേഷം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(കെഎംആർഎൽ) ആസ്‌ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെട്രോ രണ്ടാംഘട്ടത്തിൽ കാക്കനാട്ടേക്കു നീട്ടുന്നതിനായി 850 കോടി രൂപയും മെട്രോപാതയിലെ പ്രധാന ജംഗ്ഷനുകളുടേയും മറ്റും നവീകരണത്തിനായി 100 കോടി രൂപയുമാണ് എഎഫ്ഡി നൽകുക.


പൊതുനിക്ഷേപക ബോർഡിന്റേയും കേന്ദ്ര സർക്കാരിന്റേയും അനുമതി ലഭിച്ചാലുടൻ വായ്പയ്ക്ക് നടപടി സ്വീകരിക്കുമെന്ന് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് പറഞ്ഞു. രണ്ടാംഘട്ട വികസനത്തിൽ സ്‌ഥലം ഏറ്റെടുക്കലിനുള്ള നടപടി ആരംഭിക്കും. ആലുവ, ഇടപ്പള്ളി, വൈറ്റില ജംഗ്ഷനുകൾ വികസിപ്പിക്കുന്ന പദ്ധതിയും നടപ്പാക്കും.

മെട്രോ റെയിൽ, ജലമെട്രോ, സ്മാർട്ട്സിറ്റി മിഷൻ, റോഡ്വികസനം തുടങ്ങി 11,000 കോടി രൂപയുടെ പദ്ധതിയാണു കൊച്ചിയിൽ ഏതാനും വർഷങ്ങൾക്കകം നടപ്പിലാവുക. ഇതിൽ 9,000 കോടിയും റോഡ് വികസനം ഉൾപ്പെടെ ഗതാഗത വികസനത്തിനാണ് ഉപയോഗിക്കുകയെന്ന് ഏലിയാസ് ജോർജ് പറഞ്ഞു.

എഎഫ്ഡി സംഘം രണ്ടു ദിവസങ്ങളിലായി കൊച്ചി മെട്രോ പദ്ധതി പ്രദേശങ്ങളും പനമ്പിള്ളി നഗറിൽ പുതുതായി തയാറാക്കിയിരിക്കുന്ന വാക്വേയും സന്ദർശിച്ചു. തുടർന്നാണ് കെഎംആർഎൽ അധികൃതരുമായി ചർച്ച നടത്തിയത്.

എഎഫ്ഡിയിലെ നഗര ഗതാഗത വിദഗ്ധ പ്രിസേലെ ഡി കൊണാക്ക്, ഏഷ്യ വിഭാഗത്തിലെ ജിയോഗ്രാഫിക്കൽ കോ– ഓർഡിനേറ്റർ മറൈൻ കാർഷെ, പ്രോജക്ട് കോ–ഓർഡിനേറ്റർ ജൂലിയറ്റ് ലെ പനെ എന്നിവരും കൊച്ചിയിലെത്തിയ ഫ്രഞ്ച് സംഘത്തിൽ ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.