കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി
Friday, July 29, 2016 1:42 PM IST
കാസർഗോഡ്: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥി കോൺഗ്രസിലെ ഷാനവാസ് പാദൂർ 1,886 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വിജയത്തോടെ കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്‌ഥാനാർഥി ഐഎൻഎലിലെ മൊയ്തീൻകുഞ്ഞി കളനാടിനെയാണ് ഷാനവാസ് പരാജയപ്പെടുത്തിയത്. ഷാനവാസിന് 14,986 വോട്ടുകൾ ലഭിച്ചപ്പോൾ മൊയ്തീൻകുഞ്ഞിക്ക് 13,100 വോട്ടാണ് ലഭിച്ചത്. ബിജെപി സ്‌ഥാനാർഥി എൻ.ബാബുരാജിന് 4,107 വോട്ടും ലഭിച്ചു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പാദൂർ കുഞ്ഞാമു ഹാജിയുടെ നിര്യാണത്തോടെയാണ് ഇവിടെ ഉപതെര ഞ്ഞെടുപ്പ് വേണ്ടിവ ന്നത്. പാദൂരിന്റെ മകനാണ് ഷാനവാസ്. കഴിഞ്ഞതവണ യുഡിഎഫ് സ്‌ഥാനാർഥി പാദൂർ കുഞ്ഞാമു 6,437 വോട്ടിനാണ് ഇവിടെനിന്നു വിജയിച്ചത്. പാദൂരിന് 18,489 വോട്ടും ഐഎൻഎൽ സ്‌ഥാനാർഥി എം.എ.ലത്തീഫിന് 12,052 വോട്ടും ബിജെപിയിലെ എൻ.ബാബുരാജിന് 6,131 വോട്ടുമാണ് അന്നു ലഭിച്ചത്.


യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഉപതെരഞ്ഞെടുപ്പ് നിർണായകമായിരുന്നു. തോറ്റാൽ ജില്ലാ പഞ്ചായത്ത് ഭരണം തന്നെ അവർക്കു നഷ്‌ടമായേനെ. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ആകെയുള്ള 17 ജില്ലാപഞ്ചായത്ത് ഡിവിഷനുകളിൽ യുഡിഎഫ് എട്ടും എൽഡിഎഫ് ഏഴും ബിജെപി രണ്ടും സീറ്റുകളിലാണു വിജയിച്ചത്. കഴിഞ്ഞ തവണത്തെക്കാൾ 12 ശതമാനം വോട്ടിന്റെ കുറവ് ഉപതെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയിരുന്നു. ഇത് യുഡിഎഫ് കേന്ദ്രങ്ങളിൽ ആശങ്ക പരത്തിയിരുന്നു. എന്നാൽ, പോളിംഗിലെ ഇടിവ് എൽഡിഎഫിനു മുതലെടുക്കാ നായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.