മദ്യമുതലാളി–രാഷ്ട്രീയ കൂട്ടുകെട്ട് നാടിനാപത്ത്: മാർ ഇഞ്ചനാനിയിൽ
മദ്യമുതലാളി–രാഷ്ട്രീയ കൂട്ടുകെട്ട് നാടിനാപത്ത്: മാർ ഇഞ്ചനാനിയിൽ
Friday, July 29, 2016 1:29 PM IST
കോഴിക്കോട്: മദ്യമുതലാളിമാരുടെയും രാഷ്ട്രീയക്കാരുടെയും അവിശുദ്ധ കൂട്ടുകെട്ട് നാടിനാപത്താണെന്നു താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. രാഷ്ട്രീയ നേതാക്കൾ മദ്യമുതലാളിമാരുടെ വീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നത് ഇവരുടെ കൂട്ടുകെട്ടിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി മദ്യവിരുദ്ധസമിതിയുടെ ലഹരിവിരുദ്ധ മാസാചരണത്തിന്റെ സമാപന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

മദ്യമുതലാളിമാരും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണു മദ്യനിരോധനം നടപ്പാക്കാൻ സാധിക്കാത്തതിനു പ്രധാന കാരണം. ഇവർ തമ്മിലുള്ള കൂട്ടുകെട്ടു സമൂഹത്തെ നശിപ്പിക്കും. കേരളത്തിന്റെ വികസനത്തിന് മദ്യം ആവശ്യമില്ല.

ടൂറിസവും മദ്യവും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ടതുമില്ല. മദ്യമില്ലെങ്കിൽ ടൂറിസം മേഖല തകരുമെന്ന കണക്ക് വ്യാജമാണ്. അധാർമികമായ മാർഗത്തിലൂടെ സർക്കാർ വരുമാനമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. മദ്യമാഫിയ സംസ്‌ഥാനത്തെ സാധാരണക്കാരെയാണു ചൂഷണം ചെയ്യുന്നത്. മദ്യം വിൽക്കുന്നതു സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന മുതലാളിമാരാണ്. ഇതിന്റെ ഇരകളാക്കപ്പെടുന്നതു സാധാരണക്കാരായുള്ള കൂലിത്തൊഴിലാളികളും. സാധാരണക്കാർ അവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം മദ്യത്തിനായി ചെലവാക്കുന്ന കാഴ്ചയാണ് ഇന്നു കേരളത്തിൽ കാണുന്നത്. ഇതിനെതിരേയുള്ള സാമൂഹിക പോരാട്ടമാണ് കേരളത്തിൽ ഉയർന്നു വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും പൂട്ടിയ ബാറുകൾ തുറക്കരുതെന്നും പുതിയ മദ്യശാലകൾക്ക് അനുമതി നൽകരുതെന്നും ആഗ്രഹിക്കുന്നവരാണ്. ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ചു നയമുണ്ടാക്കുമെന്നാണ് അധികാരത്തിലേറിയ സർക്കാർ നേരത്തെ ഉറപ്പ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ മദ്യശാലകൾ തുറക്കരുതെന്നാവശ്യപ്പെട്ട് കെസിബിസിയുടെ നേതൃത്വത്തിൽ ഒപ്പു ശേഖരണം നടത്തി സർക്കാരിനു സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യവിപത്തിനെക്കുറിച്ചുള്ള അജ്‌ഞത കാരണമാണു ജനങ്ങൾ മദ്യത്തിന് അടിമപ്പെടുന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ബത്തേരി ബിഷപ് ജോസഫ് മാർ തോമസ് പറഞ്ഞു. ബോധവത്കരണ്ത്തിലൂടെ മാറ്റിയെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് രൂപത വികാരി ജനറാൽ മോൺ.തോമസ് പനയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ലഹരിവിരുദ്ധ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.

കെസിബിസി മദ്യവിരുദ്ധസമിതി സംസ്‌ഥാന സെക്രട്ടറിമാരായ അഡ്വ.ചാർലി പോൾ, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, സിസ്റ്റർ മരിയ ധന്യ എസി, എം.ഡി. റാഫേൽ, ജോയിക്കുട്ടി ലൂക്കോസ്, വി.ഡി. രാജു, ഫാ. ഡാനി ജോസഫ്, ഇസബെൽ ആൻ മാത്യു, ദീപ്തി മെറിൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.