സീറോ മലബാർ സഭയ്ക്കു ബ്രിട്ടനിൽ രൂപതയും യൂറോപ്പിൽ അപ്പസ്തോലിക് വിസിറ്റേറ്ററും
സീറോ മലബാർ സഭയ്ക്കു ബ്രിട്ടനിൽ രൂപതയും യൂറോപ്പിൽ അപ്പസ്തോലിക് വിസിറ്റേറ്ററും
Thursday, July 28, 2016 12:45 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: ബ്രിട്ടനിലെ സീറോ മലബാർ സഭാ വിശ്വാസികൾക്കായി പ്രസ്റ്റൺ ആസ്‌ഥാനമായി പുതിയ രൂപത. പ്രഥമമെത്രാനായി പാലാ രൂപതാംഗമായ മാർ ജോസഫ് സ്രാമ്പിക്കലിനെ നിയമിച്ചു. യൂറോപ്യൻ രാജ്യങ്ങളിലെ സീറോ മലബാർ സഭാ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി ഇരിങ്ങാലക്കുട രൂപതാംഗമായ മാർ സ്റ്റീഫൻ ചിറപ്പണത്തിനെയും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മെത്രാൻ പദവിയോടെയാണ് ഇദ്ദേഹത്തിന്റെ നിയമനം. ഇന്നലെ വൈകുന്നേരം മൂന്നരയ്ക്കു കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയിൽ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണു പുതിയ രൂപതയുടെയും മെത്രാന്മാരുടെയും ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. റോമൻ സമയം ഉച്ചയ്ക്കു പന്ത്രണ്ടിനു വത്തിക്കാനിലും ഇംഗ്ലണ്ടിലെ പ്രസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിലും ഇതു പ്രസിദ്ധപ്പെടുത്തി. പ്രസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ ലങ്കാസ്റ്റർ രൂപത മെത്രാൻ ഡോ. മൈക്കിൾ കാംബെലാണു പ്രഖ്യാപനം നടത്തിയത്.

മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട,് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ എന്നിവർ ചേർന്നു നിയുക്‌ത മെത്രാന്മാരെ സ്‌ഥാനചിഹ്നങ്ങൾ അണിയിച്ചു. കൂരിയ ചാൻസലർ റവ.ഡോ.ആന്റണി കൊള്ളന്നൂർ, വൈസ്ചാൻസലർ


ഫാ.പോൾ റോബിൻ തെക്കൻ എന്നിവർ നിയമനപത്രിക വായിച്ചു. മേജർ ആർച്ച്ബിഷപ് നിയുക്‌ത മെത്രാന്മാരുടെ നിയമനപത്രം കൈമാറി. ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ, കൂരിയ വൈസ് ചാൻസലർ റവ.ഡോ. സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ഒക്ടോബർ ഒമ്പതിനു ബ്രിട്ടനിലെ പ്രസ്റ്റൺ കത്തീഡ്രലിൽ മാർ ജോസഫ് സാമ്പ്രിക്കലിന്റെ മെത്രാഭിഷേകം നടക്കും. മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക തീയതി പിന്നീട് തീരുമാനിക്കും.

സ്രാമ്പിക്കൽ പരേതനായ മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും ആറു മക്കളിൽ നാലാമനായി 1967 ഓഗസ്റ്റ് 11ന് ജനിച്ച മാർ ജോസഫ് സ്രാമ്പിക്കൽ പാലാ ഉരുളികുന്നം ഇടവകാംഗമാണ്. ഉർബൻ യൂണിവേഴ്സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ ബിരുദവും ബൈബിൾ വിജ്‌ഞാനീയത്തിൽ ലൈസൻഷ്യേറ്റും നേടിയ നിയുക്‌തമെത്രാൻ 2000 ഓഗസ്റ്റ് 12നു മാർ ജോസഫ് പള്ളിക്കാപറമ്പിലിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. മാർ സ്റ്റീഫൻ ചിറപ്പണത്ത് ഇരിങ്ങാലക്കുട പുത്തൻചിറ ഇടവകയിൽ കവലക്കാട്ട് ചിറപ്പണത്ത് പരേതരായ പോൾ–റോസി ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമനായി 1961 ഡിസംബർ 26നു ജനിച്ചു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് മേജർ സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1987 ഡിസംബർ 26ന് മാർ ജെയിംസ് പഴയാറ്റിലിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.